അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്; കണ്ണീര്‍പൂക്കളോടെ കേരളത്തിന്റെ അന്ത്യാഞ്ജലി

 അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്; കണ്ണീര്‍പൂക്കളോടെ കേരളത്തിന്റെ അന്ത്യാഞ്ജലി

കൊച്ചി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവര്‍ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. നെടുമ്പാശേരി വിമാനത്താവളത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, കീര്‍ത്തി വര്‍ധന്‍ സിങ് എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു.

തമിഴ്‌നാട് വേണ്ടി മന്ത്രി കെ എസ് മസ്താന്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും ആദരാഞ്ജലി അര്‍പ്പിച്ചു. കുവൈത്ത് ദുരന്തത്തില്‍ മരിച്ച 23 മലയാളികള്‍ ഉള്‍പ്പെടെ 31 പേരുടെ മൃതദേഹങ്ങള്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പൊതുദര്‍ശനത്തിനു വച്ചത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ ഓരോരുത്തരുടേയും നാട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി പ്രത്യേകം ആംബുലന്‍സുകള്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു. പൊലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കുക.

കുവൈത്ത് ദുരന്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം രാവിലെ പത്തരയോടെയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇതില്‍ 23 മലയാളികള്‍, ഏഴ് തമിഴ്‌നാട്ടുകാര്‍, ഒരു കര്‍ണാടകസ്വദേശി എന്നിങ്ങനെ 31 പേരുടെ മൃതദേഹമാണ് കൊച്ചിയില്‍ ഇറക്കിയത്. കസ്റ്റംസ് ക്ലിയറന്‍സിനുശേഷം വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചു. തുടര്‍ന്ന് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *