കോണിപ്പടികളിലും മൃതദേഹങ്ങള്‍, പ്രാണരക്ഷാർഥം മുകളിൽ നിന്ന് ചാടി, അധികം ആളുകളും മരിച്ചത് പുക ശ്വസിച്ച്; നടുക്കം മാറാതെ ദൃക്സാക്ഷികൾ
കുവൈത്ത് സിറ്റി: കുവൈത്തില്‍ മാഗെഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മലയാളികളടക്കം നിരവധി ആളുകൾ മരിച്ച സംഭവത്തിന്റെ നടുക്കം മാറാതെ ദൃക്സാക്ഷികൾ. ഇറങ്ങി വരുന്ന കോണിപ്പടികളിൽ വരെ മൃതദേഹങ്ങൾ ചിതറി കിടന്നിരുന്നു. തീ അതിവേഗം നിയന്ത്രിക്കാൻ അഗ്നിരക്ഷാ സേനയ്‌ക്ക് കഴിഞ്ഞതാണ് കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ ജീവൻ രക്ഷിച്ചെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
ബുധനാഴ്ച പുലർച്ചെ 4.30 ഓടെയാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾ തിങ്ങിപാർക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീപിടിത്തമുണ്ടായത്. പിന്നാലെ കറുത്ത പുക കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. പുക ശ്വസിച്ചാണ് പലരും മരിച്ചത്. പുക കാരണം കണ്ണു പോലും തുറക്കാൻ കഴിയാത്ത അവസ്ഥായിലായിരുന്നുവെന്നും ദൃക്സാക്ഷികൾ വിവരിക്കുന്നു. കൂടാതെ തീപിടിച്ചതിന് പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടിയും നിരവധി ആളുകൾ പരിക്കേറ്റ് മരിച്ചിരുന്നു.
അഗ്നിരക്ഷാ സേനയെത്തി ആദ്യം തന്ന നിർദേശം മുകളിലെ നിലകളിലേക്ക് പോകാനായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. അഗ്നിരക്ഷാ സേനയെത്തി ആളുകളെ ഉടൻ തന്നെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. ഒന്നിലധികം ഫയര്‍ സ്റ്റേഷനുകള്‍ കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റവരെ ഉടന്‍ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ചികിത്സാ നടപടികള്‍ നിരീക്ഷിക്കുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ഇതുവരെ 43 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഇതിൽ 11 പേർ മലയാളികളാണെന്നാണ് വിവരം. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാര്‍ താമസിച്ച ഫ്‌ലാറ്റിലാണ് തീപിടിത്തമുണ്ടായത്.