കൊട്ടിയാഘോഷിച്ച് വാങ്ങിയ സ്‌കാനിയ ബസ് കട്ടപ്പുറത്ത്; തുരുമ്പെടുത്ത് നശിക്കുന്നത് കെഎസ്ആർടിസിയ്ക്ക് ലാഭമുണ്ടാക്കി കൊടുത്ത ബസുകൾ
മലപ്പുറം: കെഎസ്ആർടിസി ഓരോ വർഷവും വാങ്ങിക്കൂട്ടുന്നത് നിരവധി ബസുകളാണ്. അതും പല താരത്തിലുള്ളത്. എന്നാൽ ഇവയൊന്നുംകാര്യമായി പിന്നീട് ഓടാറില്ല എന്നതാണ് സത്യം. അത്തരത്തിൽ ആഘോഷിച്ച വാങ്ങിയ രു കോടിയുടെ സ്‌കാനിയ എ.സി. ബസ് മാസങ്ങളായി കട്ടപ്പുറത്ത് ആണ്. അന്തഃസംസ്ഥാന റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി.ക്ക് വലിയ വരുമാനമുണ്ടാക്കി ആശ്വാസമായിരുന്ന രണ്ടു ബസുകളാണ് തുരുമ്പെടുത്തു നശിക്കുന്നത്. കമ്പനിയുമായി ദീർഘകാല അറ്റകുറ്റപ്പണിക്കുള്ള കരാറില്ലാത്തതാണ് കാരണം.
തിരുവനന്തപുരം-ബെംഗളൂരു, കൊല്ലൂർ-തിരുവനന്തപുരം റൂട്ടുകളിലോടിയിരുന്ന ബസുകളിൽ ഒന്ന് പയ്യന്നൂർ ഡിപ്പോയിലാണിപ്പോൾ. മറ്റൊന്ന് എടപ്പാളിലും. കഴിഞ്ഞ ഡിസംബറിലാണ് എടപ്പാളിൽ കിടക്കുന്ന ബസ് കേടായത്. തേവരയിൽ അപകടത്തിൽപ്പെട്ട ബസ് പുറത്തിറക്കാനായി എടപ്പാളിലെ ബസിന്റെ ചില പാർട്‌സുകൾ അഴിച്ചുകൊണ്ടുപോയതോടെ ഇതിന്റെ കാര്യം തീരുമാനമായി.
2016-ൽ യു.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് നികുതിയടക്കം 99.35 ലക്ഷം രൂപ വീതം നൽകി സ്വീഡിഷ് നിർമിതമായ 18 സ്‌കാനിയ മൾട്ടി ആക്‌സിൽ എ.സി. ബസുകൾ കോർപ്പറേഷൻ വാങ്ങിയത്. എൻജിൻ തകരാറിലായതോടെ നന്നാക്കാൻ ബെംഗളൂരുവിൽ പോയി കമ്പനി പറയുന്ന തുക നൽകേണ്ട സ്ഥിതിയിലാണിപ്പോൾ. ഉന്നതഗുണമേന്മ അവകാശപ്പെടുന്ന മൾട്ടി ആക്‌സിൽ ബസുകൾ എട്ടുവർഷത്തിനകം തകരാറിലായതിൽതന്നെ ദുരൂഹത ആരോപിക്കുന്നുണ്ട്.