മണ്‍സൂണില്‍ തീര്‍ത്ഥാടന-വിനോദ യാത്രയുമായി കെ.എസ്.ആര്‍.ടി.സി; അറിയാം കൂടുതൽ വിവരങ്ങൾ
കണ്ണൂർ: ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി മൺസൂണിൽ തീർഥയാത്രകളുമായി കെ.എസ്.ആർ.ടി.സി. ഏറെ നാളത്തെ ബജറ്റ് ടൂറിസം സെല്ലിലെ സ്ഥിരം യാത്രക്കാരുടെ ആഗ്രഹം പൂർത്തീകരിച്ചുകൊണ്ടാണ് കെ.എസ്.ആർ.ടി.സി. കൊല്ലൂർ-മൂകാംബിക തീർഥാടന യാത്ര ആരംഭിക്കുന്നത്. ജൂൺ 14, 21, 28 തീയതികളിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
രാത്രി എട്ടിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പുലർച്ചെ നാലിന് കൊല്ലൂരിൽ എത്തുന്ന തരത്തിലാണ് യാത്ര. ക്ഷേത്രദർശനം, തുടർന്ന് കുടജാദ്രിയിലേക്ക് ജീപ്പ് യാത്ര, വൈകീട്ട് വീണ്ടും കൊല്ലൂർ ക്ഷേത്രദർശനം. രണ്ടാമത്തെ ദിവസം രാവിലെ ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്രങ്ങൾ സന്ദർശിച്ച് വൈകീട്ട് ഏഴിന് കണ്ണൂരിൽ തിരിച്ചെത്തും. സെമി സ്ലീപ്പർ സൂപ്പർ എക്‌സ്പ്രസ് ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്.
കൊട്ടിയൂരിലേക്കും പോകാം
ഉത്സവത്തിന്റെ ഭാഗമായി കൊട്ടിയൂരിലേക്ക് ദൈനംദിന സർവീസിന് പുറമെ പാക്കേജും ഒരുക്കി കെ.എസ്.ആർ.ടി.സി. ജൂൺ ഒന്ന്, എട്ട് തീയതികളിൽ രാവിലെ 6.30-ന് കണ്ണൂരിൽനിന്ന് യാത്രകൾ പുറപ്പെടും. മാമാനത്തമ്പലം, മൃദംഗശൈലേശ്വരി ക്ഷേത്രം, പുരളിമല അമ്പലം, കൊട്ടിയൂർ ക്ഷേത്രം എന്നിവ ദർശിച്ച് വൈകീട്ട് 7.30-ന് കണ്ണൂരിൽ തിരിച്ചെത്തും. ഒരാൾക്ക് 630 രൂപയാണ് ചാർജ്.
പൈതൽമല, പാലക്കയംതട്ട്
ജൂൺ ഒൻപത്, 23 തീയതികളിൽ പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളിലേക്ക് പാക്കേജ് യാത്രയുണ്ട്. കൂത്തുപറമ്പ് വഴി തുഷാരഗിരി വെള്ളച്ചാട്ടം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ് തുടങ്ങിയ ഇടങ്ങളിലേക്ക് എല്ലാ ഞായറാഴ്ചകളിലും യാത്ര ഒരുക്കുന്നുണ്ട്.
ജൂൺ രണ്ട്, ഒൻപത് 16, 30 തീയതികളിൽ ജാനകിക്കാട്- കരയാത്തുംപാറ, ജൂൺ 23-ന് റാണിപുരം ജൂൺ ഏഴ്, 21 തീയതികളിൽ വാഗമൺ-മൂന്നാർ, ജൂൺ ഏഴ്, 28 തീയതികളിൽ വാഗമൺ-കാന്തല്ലൂർ യാത്രകളുമുണ്ട്. ഫോൺ: 8089463675, 9497007857.