കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ അജ്മലിന് നിർദ്ദേശം നൽകിയതും വനിതാ ഡോക്ടർ; നിർണായക ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
തിരുവോണ ദിനത്തിൽ മൈനാഗപ്പള്ളി സ്വദേശിനിയെ മദ്യലഹരിയിൽ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കാർ ഒന്ന് നിർത്തിയിരുന്നെങ്കിൽ ആ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ദൃക്‌സാക്ഷികൾ. വണ്ടി എടുക്കരുതേ എന്ന് കണ്ടുനിന്നവർ വിളിച്ചു പറഞ്ഞെങ്കിലും അതു വകവയ്ക്കാതെ അജ്‌മൽ അതിവേഗം കാർ മുന്നോട്ടെടുക്കുകയായിരുന്നെന്നും അവർ പറയുന്നു. കാറിടിച്ചതിന്റെ ആഘാതത്തിൽ ഉയർന്നുപൊങ്ങിയ കുഞ്ഞുമോൾ ബോണറ്റിലും തുടർന്ന് കാറിനു മുന്നിലും വീണു. കാറെടുത്താൽ കുഞ്ഞുമോളുടെ ദേഹത്ത് കയറുമെന്ന നിലയിലാണ് റോഡിൽ വീണുകിടന്നത്.
ഗോകുലം സൂപ്പർമാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങി ഫൗസിക്കൊപ്പം കുഞ്ഞുമോൾ സ്കൂട്ടറിൽ കയറി തൊട്ടടുത്തുള്ള വീട്ടിലേക്കു പോകുന്നത് കണ്ടതാണ്. റോഡിലേക്കു കയറി അവരുടെ ഭാഗത്തേക്ക് കൃത്യമായി ഓടിച്ചുപോകുകയായിരുന്നു. ഈ സമയമാണ് അജ്‌മൽ തെറ്റായ ദിശയിൽ അതിവേഗം കാറോടിച്ചുവന്ന് ഇവരെ ഇടിച്ചുതെറിപ്പിച്ചത്. സംഭവംകണ്ട് ഭയന്ന ശ്രീകുട്ടി വേഗം വിട് എന്നു പറയുന്നുമുണ്ടായിരുന്നു. അല്പം മാറി കാർ തടയാൻ ശ്രമിച്ചവരെയും ഇടിച്ചോട്ടെയെന്ന രീതിയിൽ അതിവേഗത്തിലാണ് ഓടിച്ചുപോയതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
നിർത്താതെ പോയ കാറിനെ പിന്തുടർന്നത് നാട്ടുകാരായ മൂന്നു ചെറുപ്പക്കാരാണ്. ഏതുവഴിയാണ് അജ്‌മൽ രക്ഷപ്പെടുന്നതെങ്കിലും അതുവഴി പിന്തുടരാൻ പറ്റുന്നവരായിരുന്നു മൂവരും. ഫൈസൽ. അജ്‌മൽഷാ, അർഷാദ് എന്നിവരാണ് ബൈക്കിൽ പിന്തുടർന്നത്. ഇതിൽ അർഷാദ് സംസാരശേഷിയില്ലാത്ത ആളാണ്.
കുഞ്ഞുമോളുടെ മരണത്തിനിടയാക്കിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാരൂർക്കടവിൽനിന്ന് ഷാപ്പു മുക്കിലെത്തിയശേഷം ഇടത്തോട്ടുകയറി മാരാരിത്തോട്ടംവഴി മാളിയേക്കൽ പാലം കയറി കരുനാഗപ്പള്ളി ആലുംമുക്കിലെത്തി. പിന്നെ ഹൈസ്കൂൾ ജങ്ഷൻ -റെയിൽവേ സ്റ്റേഷൻ റോഡിൽ കയറി കോടതിമുക്കിൽ എത്തുകയായിരുന്നു. ‘ജീവന’ സ്ഥാപനത്തിനു മുന്നിൽ വണ്ടി നിർത്തിയിട്ട് ഇറങ്ങാതെ നിന്ന അജ്‌മലിനെ പിന്നാലെയെത്തിയവർ ബൈക്കുകൾ കുറുകേ വെച്ചശേഷം കാറിൻ്റെ ഡോർ തുറന്ന് പിടിച്ചിറക്കുകയായിരുന്നു. ഡോ. ശ്രീക്കുട്ടി ഓടി അടുത്തുള്ള ഒരു വീട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഒരു മാസംമുൻപ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോഴാണ് ഡോ. ശ്രീക്കുട്ടിയെ പരിചയമാകുന്നത്. ശ്രീക്കുട്ടി ഒരുവർഷത്തോളമായി ഇവിടെ ജോലിചെയ്തു വരികയാണ്. ബന്ധം ശക്തമായതോടെ അജ്‌മൽ ആശുപത്രിയിൽ പതിവ് സന്ദർശകനാകുകയും ചെയ്തു. ഡോക്ടറെ ജോലിസ്ഥലത്ത് പതിവായി സന്ദർശിക്കാൻ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആശുപത്രി അധികൃതർ ഇരുവർക്കും താക്കീത് നൽകിയിരുന്നു.
കരുനാഗപ്പള്ളിയിൽ ഒരു സുഹൃത്തിൻ്റെ വീട്ടിൽ ഓണാഘോഷത്തിനായി ഒത്തുചേർന്നതാണ് ഇവർ. ഉച്ചയ്ക്കുശേഷം അജ്‌മലിന്റെ വീട് നിൽക്കുന്ന വെളുത്തമണലിലേക്കു വരികയായിരുന്നു. ഒന്നിലേറെ സ്ഥലങ്ങളിൽ ഇവർ കാറിലിരുന്ന് മദ്യപിക്കുകയും ചെയ്തു. സോമവിലാസം ചന്തമുക്കിലെ റോഡരികിൽ കാർനിർത്തി ഗ്ലാസിൽ ശ്രീക്കുട്ടിക്ക് മദ്യം പകരുന്ന ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. ലഹരിയിലായിരുന്ന അജ്മലിനെ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ നിർബന്ധിച്ചതും ശ്രീക്കുട്ടിയായിരുന്നു.
സ്കൂട്ടറിൽ ഇടിച്ചപ്പോൾ ബോണറ്റിൽ തട്ടി മുന്നിൽ വീണ കുഞ്ഞുമോളെ നിർദാക്ഷിണ്യം കാർകയറ്റി കൊലപ്പെടുത്തിയ അജ്‌മൽ ചന്ദനത്തടിമോഷണം ഉൾപ്പെടെ അഞ്ചു കേസുകളിൽ പ്രതിയാണ്.