‘ഇത് കള്ളൻ മാധവൻ തന്നെ’; മലയാളികളുടെ ‘ഉണ്ണിയേട്ടനായി’ മനസുകീഴടക്കി കിലി പോൾ
സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്ത് ലോകശ്രദ്ധ നേടിയ താരമാണ് ടാൻസാനിയൻ താരം കിലി പോൾ. ലിപ്സിങ്ക് വീഡിയോകളിലൂടെ ആണ് കിലിയെ ആളുകൾക്ക് പരിചിതം. ആഫ്രിക്കക്കാരനയ ഇദ്ദേഹം ബോളിവുഡ് ഗാനങ്ങൾക്ക് ചുണ്ടനക്കി ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് മലയാളം ഗാനങ്ങളും ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ മലയാളികളും കിലിയെ സപ്പോർട്ട് ചെയ്യാൻ തുടങ്ങി. അധികം വൈകാതെ മലയാളികളുടെ ഉണ്ണിയേട്ടനായി കിലി മാറിക്കഴിഞ്ഞു.
ലോകശ്രദ്ധ നേടിയ കിലി പോളിന്റെ പുതിയ വിഡിയോകളും ഹിറ്റടിക്കുന്നു. മീശമാധവനിലെ ‘കരിമിഴിക്കുരുവിയെ കണ്ടീലാ’ എന്ന പാട്ടിനൊപ്പം ചുണ്ട് ചലിപ്പിക്കുന്ന വിഡിയോ ആണ് കിലി ഇക്കുറി പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളം പാട്ടുകളുടെ ലിപ്സിങ്ക് വിഡിയോകൾ പതിവായി പോസ്റ്റു ചെയ്യുന്ന കിലി പോളിനെ, മലയാളികൾ ഇപ്പോൾ ‘ഉണ്ണിയേട്ടൻ’ എന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. ആ പേര് ഇഷ്ടപ്പെട്ടതുകൊണ്ടാവാം ഇപ്പോൾ പോസ്റ്റ് ചെയ്യുന്ന മലയാള വിഡിയോകളിൽ കിലി ‘ഉണ്ണിയേട്ടൻ’ എന്ന് അടിക്കുറിപ്പെഴുതാറുണ്ട്. കിലി പങ്കുവച്ച ‘കരിമിഴി കുരുവിയെ കണ്ടീല’ വിഡിയോ ഇതിനകം മലയാളികളുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചുകഴിഞ്ഞു. കമന്റ് ബോക്സിൽ നിറയെ കിലി പോളിനെ അഭിനന്ദിക്കാനെത്തുന്നവരുടെ നീണ്ട നിരയാണ്. ‘ന്റെ ഉണ്ണിയേട്ടാ ഇങ്ങളെക്കൊണ്ട് തോറ്റു’ എന്നാണ് ഒരു ആസ്വാദകന്റെ കമന്റ്. ‘മലയാളി തോറ്റു പോവും റീൽസിൽ’ എന്നും ചിലർ കുറിക്കുന്നു.
‘കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ’ എന്ന ഹിറ്റ് പാട്ടിനു ലിപ്സിങ്ക് ചെയ്യുന്ന വിഡിയോയും കിലി അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. റീൽ കണ്ട് ഇഷ്ടപ്പെട്ട് ചില ആസ്വാദകർ ‘അളിയാ’ എന്നു വിളിച്ചാണ് കിലി പോളിനോടു സ്നേഹം പ്രകടിപ്പിക്കുന്നത്. കിലിയുടെ വിഡിയോ കണ്ട് ഇഷ്ടപ്പെട്ട് കാളിദാസൻ മണ്ണാർക്കാട് എന്ന ചിത്രകാരൻ കിലിയുടെ ചിത്രം വരച്ച് പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കിലിയുടെ വിഡിയോയ്ക്കു താഴെ കമന്റിലൂടെ അദ്ദേഹം ആ സന്തോഷം അറിയിക്കുകയും ചെയ്തു.
മലയാളത്തോടു പ്രത്യേക പ്രണയം
ഷേർഷയിലെ ‘തേരി മേരി ഗല്ലാൻ ഹോയി മഷ്ഹൂർ’ എന്ന ഹിറ്റ് ട്രാക്കിന് ചുണ്ടനക്കിയാണ് കിലി പോൾ സമൂഹമാധ്യമലോകത്തിന്റെ ശ്രദ്ധ നേടിയത്. ഇന്ന് 9.4 മില്യൻ ആളുകൾ കിലിയെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഗാനങ്ങൾക്കൊക്കെയനുസരിച്ച് ചുണ്ടുകളനക്കുമെങ്കിലും കിലിക്ക് മലയാള ഗാനങ്ങളോടു പ്രത്യേക ഇഷ്ടമാണ്. മലയാളം പാട്ടുകൾക്കൊപ്പമുള്ള വിഡിയോകളാണ് ഇൻസ്റ്റഗ്രാമിൽ കൂടുതലായും പങ്കുവയ്ക്കാറുള്ളത്. ഇവയ്ക്കെല്ലാം താഴെ കമന്റുകളുമായി മലയാളികൾ കളം പിടിക്കുന്നതു പതിവായി. ലിപ്സിങ്ക് കണ്ട് അമ്പരന്ന് ‘സത്യം പറയെടാ നീ മലയാളിയല്ലേ’ എന്നു പോലും ചോദിക്കുന്നുണ്ട് ചിലർ. ‘ജീവാംശമായ്’ എന്ന പാട്ടിനു ലിപ്സിങ്ക് ചെയ്ത കിലി പോളിനെ പാട്ടിന്റെ സംഗീതസംവിധായകൻ കൈലാസ് മേനോൻ പ്രശംസിച്ചിരുന്നു.
തനിനാടൻ ‘പാട്ടുകാരൻ’
തുടരെ വിഡിയോകൾ വൈറലായതോടെ കിലിയുടെ ജീവിതവും അടിമുടി മാറി. പരമ്പരാഗത ടാൻസാനിയൻ വസ്ത്രങ്ങള്‍ ധരിച്ചാണ് കിലി പോൾ വിഡിയോകളിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇടയ്ക്കുവച്ച് മോഡേൺ വസ്ത്രത്തിലേക്കു മാറി. പക്ഷേ, ആസ്വാദകരുടെ ആവശ്യപ്രകാരം ‘പരിഷ്കാരം’ ഉപേഷിച്ച് കിലി വീണ്ടും പരമ്പരാഗത വസ്ത്രധാരണത്തിലേക്കു തിരിച്ചെത്തി. അടുത്തിടെ കിലി പോൾ ഇന്ത്യ സന്ദർശിച്ചിരുന്നു. അഹമ്മദാബാദിൽ ഒരു സ്വകാര്യ വിവാഹവിരുന്നിൽ പങ്കെടുക്കാനാണ് കിലി എത്തിയത്.
നീമ എവിടെ?
കിലിയുടെ പ്രശസ്തിയിലേക്കുള്ള വളർച്ച അത്ര സുഗമമായിരുന്നില്ല. ടാൻസാനിയയിലെ ഒരു ഉൾഗ്രാമത്തിലായിരുന്നു താമസം. ഉപജീവനമാർഗം കൃഷിയും പശുവളർത്തലുംം മാത്രം. കഷ്ടതകൾ നിറഞ്ഞ കുട്ടിക്കാലമായിരുന്നു കിലിയുടേത്. കഠിനാധ്വാനത്തിനിടയിലുള്ള ചെറിയ ചില ഇടവേളകളിലാണ് ടിക്ടോക്കും ഇൻസ്റ്റഗ്രാമുമെല്ലാം പരിചയപ്പെട്ടത്. പതിയെ ലിപ്സിങ്കിങ് വിഡിയോകൾ ചെയ്യാൻ തുടങ്ങി. രണ്ടു മുതൽ നാലു ദിവസം വരെ എടുത്താണ് ഇന്ത്യൻ പാട്ടുകളുടെ വരികളും ഉച്ചാരണവുമെല്ലാം കിലി പഠിക്കുന്നത്. ഓരോ വാക്കിന്റേയും അർഥം ഇന്റർനെറ്റിന്റെ സഹായത്തോടെ മനസ്സിലാക്കിയ ശേഷം വിഡിയോകൾ ചെയ്യും. ആദ്യം കിലി ഒറ്റയ്ക്കായിരുന്നു വിഡിയോ ചെയ്തിരുന്നത്. പിന്നീട് ഇളയ സഹോദരി നീമയെയും ഒപ്പം കൂട്ടി. എന്നാലിപ്പോൾ വീണ്ടും കിലി ഒറ്റയ്ക്കാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. നീമ എവിടെയെന്ന് അന്വേഷിക്കുന്നുണ്ട് ആരാധകരിൽ ചിലർ. പക്ഷേ അത്തരം കമന്റുകളോടൊന്നും കിലി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയെന്ന ഇഷ്ടം
കുട്ടിക്കാലം മുതല്‍ ഇന്ത്യൻ സിനിമകളുടെ ആരാധകനാണ് കിലി പോൾ. അങ്ങനെയാണ് ഷേർഷയിലെ ഹിറ്റ് ഗാനത്തിനു ചുണ്ടനക്കിയത്. ഞൊടിയിടയിൽ അത് വൈറൽ ആവുകയും ലോകം മുഴുവനുള്ള ബോളിവുഡ് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഷേർഷയിലെ താരങ്ങളും കിലിയുടെ വിഡിയോ പങ്കുവയ്ക്കുകയുണ്ടായി. ആദ്യ വിഡിയോ തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ഇന്ന് സെലിബ്രിറ്റികളടക്കമുള്ളവര്‍ കിലിയെ ഫോളോ ചെയ്യുന്നുണ്ട്. രാജ്യാതിർത്തികൾ കടന്ന് കിലിയുടെ ചുണ്ടനക്കങ്ങൾ ചർച്ച ചെയ്യപ്പെട്ടതോടെ ജീവിതം അടിമുടി മാറി. മൊബൈൽ ചാർജ് ചെയ്യാൻ സ്വന്തം വീട്ടിൽ കറന്റ് പോലുമില്ലാത്ത കിലി, താൻ വൈറൽ ആയെന്ന വിവരം അറിയുന്നത് ഏറെ വൈകിയാണ്.
വീഴ്ചയിൽ തളരാതെ
ദാരിദ്ര്യം മുതൽ അജ്ഞാത സംഘത്തിന്റെ ആക്രമണം വരെ നേരിട്ടാണ് കിലി പോൾ തന്റെ വിജയയാത്ര തുടരുന്നത്. രണ്ടു വർഷം മുൻപ് കിലിക്കു നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായി. എന്നാൽ പ്രതിസന്ധികളിൽ തളരാതെ വീണ്ടും വിഡിയോകളുമായി കിലി പ്രേക്ഷകരെ സന്തോഷിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആരാധകരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടുമിരിക്കുന്നു. ചുണ്ടനക്കങ്ങൾക്കു പുറമേ, പ്രിയപ്പെട്ട പാട്ടുകൾക്കൊപ്പം ചുവടുവയ്ക്കുന്നതും പതിവാക്കിയിരിക്കുകയാണ് കിലി പോൾ ഇപ്പോൾ.