മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ അതീവ ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്.
പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് 02-08-2024 രാത്രി 11.30 വരെ 1.8 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തമിഴ്നാട് തീരത്ത് 02-08-2024 രാത്രി 11.30 വരെ 1.9 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ജാഗ്രത നിർദേശങ്ങൾ
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.