ലാഭം കൊയ്യാന്‍ ആഭരണ പ്രേമികള്‍; മൂന്നുദിവസത്തെ ഉയർച്ചയ്ക്ക് ശേഷം ഇന്ന് സ്വർണവിലയിൽ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നുദിവസത്തെ ഉയർച്ചയ്ക്ക് പിന്നാലെ സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 580 രൂപ വർധിച്ചിരുന്നു. കേരളത്തിൽ ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ട വില 53360 രൂപയാണ്. കഴിഞ്ഞ ദിവസം 53680 രൂപയായിരുന്നു. 320 രൂപയുടെ കുറവാണ് പവന്മേലുണ്ടായിരിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6670 രൂപയിലെത്തി. ഇന്ന് ഒരു പവൻ ആഭരണം വാങ്ങുന്നവർക്ക് 58500 രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വർണം വിൽക്കുന്നവർക്ക് 51000 രൂപ വരെ ലഭിച്ചേക്കും. ആഗോള വിപണിയിൽ ഡോളർ സൂചിക മികച്ച പ്രകടനം കാഴ്ചവച്ചതും പലിശ നിരക്ക് കുറച്ചേക്കില്ലെന്ന അഭ്യൂഹവുമാണ് സ്വർണവില കുറയാൻ വഴിയൊരുക്കിയത്.
ഡോളർ സൂചിക കയറിയപ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. മാത്രമല്ല, എണ്ണ വിലയിൽ ഇടിവ് വന്നു. കഴിഞ്ഞ ദിവസം എണ്ണ വില കുത്തനെ വർധിച്ചിരുന്നു. വില കുറഞ്ഞതിനാൽ ആഭരണം വാങ്ങാൻ ഉദ്ദേശിച്ചവർക്ക് ഇന്നത്തെ ദിനം തിരഞ്ഞെടുക്കാം. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്നതിനാൽ ഏത് തരത്തിൽ വിപണി മാറുമെന്ന് പ്രവചിക്കാൻ പ്രയാസമാണ്.
ഡോളർ സൂചിക കയറിയതാണ് ഇന്ന് സ്വർണവില ഇടിയാൻ പ്രധാന കാരണം. ഡോളർ എങ്ങനെയാണ് സ്വർണത്തെ സ്വാധീനിക്കുന്നത് എന്നറിയാമോ… ഡോളറുമായി മൽസരിക്കുന്ന ലോകത്തെ പ്രധാന ആറ് കറൻസികൾക്ക് മൂല്യം ഇടിയുകയാണ് ഇന്ന് ചെയ്തത്. ഡോളർ കയറുന്നു എന്ന് പറയുമ്പോൾ മറ്റു കറൻസികളുടെ മൂല്യം കുറയുന്നു എന്നാണ് അർഥം…
യൂറോ, യെൻ, സ്വിസ്ഫ്രാങ്ക്, പൗണ്ട് തുടങ്ങി നിരവധി കറൻസികളാണ് ഡോളറുമായി മൽസരിക്കുന്നത്. ഡോളർ കരുത്ത് വർധിപ്പിക്കുമ്പോൾ സ്വാഭാവികമായും ഈ കറൻസികൾ ഉപയോഗിച്ചുള്ള സ്വർണം വാങ്ങലുകൾ കുറയുകയാണ് ചെയ്യുക. അതായത് സ്വർണത്തിന് ആവശ്യക്കാർ കുറയുമെന്ന് ചുരുക്കം. ആവശ്യക്കാർ കുറയുന്നതോടെ സ്വർണവില കുറയും.
അമേരിക്കയിലെ പലിശ നിരക്ക് തിടുക്കത്തിൽ കുറയ്ക്കില്ല എന്ന പ്രചാരണവുമുണ്ട്. പലിശ കുറച്ചാൽ നിക്ഷേപകർക്ക് നഷ്ടം സംഭവിക്കുമെന്ന ആശങ്കയുണ്ടാകും. ഈ വേളയിൽ നഷ്ടം സംഭവിക്കാതിരിക്കാൻ അവർ സ്വർണത്തിൽ നിക്ഷേപിക്കും. സ്വർണത്തിലേക്ക് കൂടുതൽ പേർ എത്തുന്നതോടെ സ്വർണവില ഉയരും. എന്നാൽ നിലവിൽ പലിശ നിരക്ക് ഫെഡ് റിസർവ് കുറയ്ക്കില്ല എന്ന പ്രചാരണമുണ്ടായതോടെ സ്വർണത്തിലേക്ക് നിക്ഷേപകർ ആകർഷിച്ചിട്ടില്ല. ഈ പ്രവണത എപ്പോൾ വേണമെങ്കിലും മാറാം.
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ നിരക്ക് 83.40 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ജിസിസിയിലെ കറൻസികളും നേരിയ തോതിൽ മൂല്യം ഉയർത്തിയിട്ടുണ്ട്. എണ്ണവിലയിൽ ഇടിവ് വന്നതാണ് വിപണിയിലെ മറ്റൊരു മാറ്റം. ബ്രെന്റ് ക്രൂഡ് ബാരലിന് 83.57 ഡോളറാണ് പുതിയ വില. ഒപെക് പ്ലസ് യോഗം ഇന്ന് ചേരാനിരിക്കുകയാണ്. ഉൽപ്പാദനം ഇനിയും വെട്ടിക്കുറയ്ക്കാൻ സാധ്യതയില്ലെന്നും കഴിഞ്ഞ യോഗത്തിലെ തീരുമാനം തുടരാൻ തന്നെയാണ് സാധ്യത എന്നും പ്രചാരണമുണ്ട്.