മദ്യക്കുപ്പിയിൽ കടത്താൻ ശ്രമിച്ചത് 13 കോടിയുടെ കൊക്കെയ്ൻ; ദ്രാവക രൂപത്തിലുള്ള ലഹരിയുമായി കെനിയന്‍ പൗരൻ നെടുമ്പാശേരിയിൽ പിടിയിൽ
കൊച്ചി: നെടുമ്പാശേരിയിൽ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 13 കോടിയുടെ കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കെനിയന്‍ പൗരൻ പിടിയിൽ. ഇയാൾ മദ്യക്കുപ്പിയിൽ ദ്രവക രൂപത്തിലാണ് ലഹരി കടത്താൻ ശ്രമിച്ചത്. കൂടാതെ ശരീരത്തിനകത്തുകൂടി കടത്താൻ ശ്രമിച്ച 200 ഗ്രാം ലഹരി വസ്തുവും ഇയാളിൽ നിന്നും പിടികൂടി.
കേരളത്തിൽ ആദ്യമായാണു ദ്രാവക രൂപത്തിലുള്ള കൊക്കെയ്ൻ കണ്ടെത്തുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കടത്താൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തുടർന്ന് ഇയാളുടെ ശരീരത്തിൽനിന്നു ലഹരി കണ്ടെത്തുകയായിരുന്നു. ചെക്ക് ഇന്നിൽ എത്തിച്ച ലഗേജില്‍ കണ്ടെത്തിയ പൊട്ടിച്ചിട്ടില്ലാത്ത മദ്യക്കുപ്പിയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വീണ്ടും പരിശോധന നടത്തുകയായിരുന്നു. കാഴ്ചയിൽ മദ്യമെന്നു തെറ്റിദ്ധരിക്കുന്ന, പിന്നീടു ലഹരിമരുന്നു വേര്‍തിരിച്ചെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള ദ്രാവകമാണു കണ്ടെടുത്തത്. ഡിആർഐ അറസ്റ്റ് ചെയ്ത വിദേശ പൗരനെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ ടാൻസാനിയയിൽനിന്നു കൊച്ചിയിലെത്തിയ ദമ്പതികളിൽനിന്ന് 33 കോടിയുടെ ലഹരിവസ്തുക്കൾ കണ്ടെടുത്തിരുന്നു.