‘എത്രമാത്രം അധഃപതിക്കാമെന്ന് തെളിയിച്ചു, നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവ്’; ആദ്യദിനം അടിയും തിരിച്ചടിയും നിറഞ്ഞ് നിയമസഭാ സമ്മേളനം

 ‘എത്രമാത്രം അധഃപതിക്കാമെന്ന് തെളിയിച്ചു, നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവ്’; ആദ്യദിനം അടിയും തിരിച്ചടിയും നിറഞ്ഞ് നിയമസഭാ സമ്മേളനം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് പ്രതിഷേധങ്ങളോടെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനിടെ ആണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മൈക്ക് ഓഫ് ചെയ്തു. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഈ രീതിയാണു സ്വീകരിക്കുന്നതെങ്കിൽ ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്പീക്കറുടെ വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.

തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളെന്നും അതിനാലാണ് നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്നാണ് സ്പീക്കര്‍ മറുപടി നല്‍കിയത്. ചോദ്യം സംബന്ധിച്ച നോട്ടീസിന് സഭയില്‍ മറുപടി പറയുംവരെ പ്രതികരണമോ പ്രചാരണമോ പാടില്ലെന്ന നിയമസഭാ ചട്ടവും സ്പീക്കര്‍ സഭയില്‍ ഓര്‍മിപ്പിച്ചു.

സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തിയുമാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. ഇതിനിടെ മുഖ്യമന്ത്രി മറുപടിപ്രസംഗം തുടർന്നു. അതേസമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പി.ആർ.വിവാദവും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് സഭയില്‍ ബഹളമുണ്ടായി. ഇക്കാര്യത്തില്‍ വിവേചനം കാണിച്ചിട്ടില്ലെന്നും വീഴ്ചയില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കി. ഇതോടെ സ്പീക്കര്‍ രാജിവയ്ക്കണമെന്നും ആവശ്യമുയർന്നു. എ.ഡി.ജി.പി.-ആര്‍.എസ്.എസ്. കൂടിക്കാഴ്ച വി.ഡി. സതീശന്‍ സഭയില്‍ ഉന്നയിച്ചു. മലപ്പുറം വിവാദവും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തി. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സഭാ ടി.വി.യില്‍ കാണിച്ചില്ല.

പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രിയും നടത്തിയ അധിക്ഷേപകരമായ പരാമർശം നിയമസഭാ രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എ.പി. അനിൽകുമാർ സ്പീക്കർക്ക് കത്തു നൽകി. 12 മണിക്കാണ് അടിയന്തരപ്രമേയത്തിൻമേൽ ചർച്ച.

മലപ്പുറം ജില്ലയിൽ സ്വർണക്കടത്തിലൂടെയും ഹവാല ഇടപാടുകളിലൂടെയും എത്തുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി ദേശീയ മാധ്യമങ്ങൾ നിരന്തരം ചർച്ച ചെയ്യുന്നത് സംസ്ഥാനത്തിന് അപമാനകരമായ സാഹചര്യം സൃഷ്ടിച്ചത് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാണ് സണ്ണി ജോസഫിന്റെ അടിയന്തരപ്രമേയ നോട്ടിസ്.

എന്റെ വാക്കുകൾ സഭാ രേഖയിൽനിന്ന് നീക്കി. മുഖ്യമന്ത്രി വ്യക്തിപരമായ പരാമർശങ്ങൾ നടത്തി. നിലവാരമില്ലാത്തായാളാണെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി നല്ല വാക്കുപറ‍ഞ്ഞിരുന്നെങ്കിൽ താൻ വിഷമിച്ചു പോയേനെ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നും പ്രാർ‌ഥിക്കുമ്പോൾ വിചാരിക്കുന്നത് മുഖ്യമന്ത്രിയെപോലെ അഴിമതിക്കാരനും നിലവാരമില്ലാത്തവനും ആകരുതേ എന്നാണ് എന്നും വി.ഡി.സതീശൻ പറഞ്ഞു.

എം.വി.രാഘവനെ തല്ലിയപ്പോൾ ആരായിരുന്നു പാർലമെന്ററി പാർട്ടി നേതാവ്, സഭ തല്ലി പൊളിച്ചപ്പോൾ പുറത്തുനിന്ന് പിന്തുണ കൊടുത്തത് ആരാണ്? എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഏഴു ദിവസമാണ് സഭാസമ്മേളനം തുടരുക. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, പി. ആർ. വിവാദം, സി.പി.എമ്മും ബി.ജെ.പി.യും തമ്മില്‍ ആരോപിക്കപ്പെടുന്ന ബന്ധം, തൃശ്ശൂര്‍ പൂരം കലക്കല്‍, അജിത്കുമാറും ആര്‍.എസ്.എസ്. നേതാക്കളും തമ്മിലെ കൂടിക്കാഴ്ച, അജിത്കുമാറിന്റെ സ്ഥാനമാറ്റം എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ നില്‍ക്കേയാണ് സഭാ സമ്മേളനം.

Leave a Reply

Your email address will not be published. Required fields are marked *