വീട്ടിൽ വെച്ച് പ്രസവവേദന വന്നതിനു പിന്നാലെ കുഞ്ഞ് ജനിച്ചു; രക്ഷകരായെത്തിയത് കനിവ് 108 ആംബുലൻസ് ജീവനക്കാർ
മലപ്പുറം: വീട്ടിൽ വെച്ച് പ്രസവവേദന വന്ന യുവതിയെ ആശുപത്രയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ പ്രസവിച്ചു. രക്ഷകരായെത്തിയത് കനിവ് 108 ആംബുലൻസ് ജീവനക്കാർ. അഥിതി തൊഴിലാളിയായ കൊൽക്കത്ത സ്വദേശിയും നിലവിൽ മലപ്പുറം ഹാജിയാർ പള്ളിയിൽ താമസിക്കുന്ന നൂറുദ്ദീൻ്റെ ഭാര്യ മുപ്പതുകാരിയായ മീന ബീവി ആണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം.
തുടർന്ന് വിവരം അറിഞ്ഞ ആശാ വർക്കർ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മലപ്പുറം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് വിശാഖ് സി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രമേശ് ആർ എനിവർ സ്ഥലത്തെത്തി.
ഇതോടെ രമേശ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തുകയും അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തു. ഉടൻ തന്നെ ഇരുവരെയും ആംബുലൻസിലേക്ക് മാറ്റുകയും പൈലറ്റ് വിശാഖ് മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുകൾ അറിയിച്ചു.