കങ്കണയെ മർദിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ; സംഭവം വിമാനത്താവളത്തിൽ
ന്യൂഡൽഹി∙ ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റനൗട്ടിന് മർദനമേറ്റതായി റിപ്പോർട്ട്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ചണ്ഡിഗഡിൽ വച്ച് കങ്കണയെ സിഐഎസ്എഫ് ഉദ്യോഗസ്ഥ അടിച്ചതായാണു വിവരം. കുൽവീന്ദർ കൗർ എന്ന ഉദ്യോഗസ്ഥയാണു മർദിച്ചതെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 3.30നാണ് സംഭവം.
സുരക്ഷാ ഉദ്യോഗസ്ഥയെ കങ്കണ തള്ളി മാറ്റുകയും അവർ തിരിച്ചടിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സുരക്ഷാ പരിശോധനയ്ക്കായി ഫോൺ ട്രേയിൽ വയ്ക്കാൻ കങ്കണയോട് ആവശ്യപ്പെട്ടെങ്കിലും കങ്കണ ഇത് നിഷേധിച്ചു. കൂടാതെ ഉദ്യോഗസ്ഥയെ തള്ളുകയും ചെയ്തു. തുടർന്നു കുൽവീന്ദർ കൗർ കങ്കണയെ അടിക്കുകയായിരുന്നു. എന്നാൽ ആക്രമണത്തിന് പിന്നാലെ കർഷകരെ അപമാനിച്ചതിനാണ് മർദിച്ചതെന്നു ഉദ്യോഗസ്ഥ പറഞ്ഞതായാണു വിവരം.
വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ദിവസങ്ങൾക്കു പിന്നാലെയാണ് കങ്കണയ്ക്ക് എതിരെ ആക്രമണം നടന്നിരിക്കുന്നത്. 74,755 വോട്ടുകൾക്കാണ് ദേശീയ അവാർഡ് ജേതാവായ കങ്കണ കോൺഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെ പരാജയപ്പെടുത്തിയത്.