‘ആ രംഗം ചെയ്യുമ്പോൾ എന്റെ മനസിൽ നെടുമുടി വേണുവിന്റെ രൂപമായിരുന്നു, കണ്ണു നിറഞ്ഞു’: കമൽഹാസൻ
കമൽ ഹാസൻ നായകനായി എത്തുന്ന ഇന്ത്യൻ 2 റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വലിയ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് ഓഡിയോ ലോഞ്ചിനിടെ മലയാളത്തിന്റെ പ്രിയനടൻ നെടുമുടി വേണുവിനെക്കുറിച്ച് കമൽഹാസൻ പറഞ്ഞ വാക്കുകളാണ്. നെടുമുടി വേണുവിനെ കെട്ടിപ്പിടിച്ച് ചെയ്യേണ്ട രംഗം ഷൂട്ട് ചെയ്തപ്പോൾ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്തെന്നും കണ്ണുകൾ നിറഞ്ഞെന്നുമാണ് കമൽഹാസൻ പറഞ്ഞത്.
നെടുമുടി വേണുവിന്റെ കഥാപാത്രത്തെ കെട്ടിപ്പിടിച്ച് ഒരു ഡയലോഗ് പറയേണ്ട സീന്‍ സിനിമയിലുണ്ടായിരുന്നു. ആ സമയത്താണ് അദ്ദേഹം നമ്മളെ വിട്ടുപോയത്. പകരം വന്ന ആര്‍ട്ടിസ്റ്റിനെ കെട്ടിപ്പിടിച്ച് ഡയലോഗ് പറഞ്ഞപ്പോള്‍ എന്റ മനസില്‍ വേണുവിന്റെ രൂപമാണ് വന്നത്. അദ്ദേഹത്തെ ഞാന്‍ ആ സമയത്ത് വല്ലാതെ മിസ്സ് ചെയ്തു. നിറകണ്ണുകളോടെയാണ് ഞാന്‍ ആ സീന്‍ ചെയ്ത് തീര്‍ത്തത്.- കമൽഹാസൻ പറഞ്ഞു.
സിനിമയുടെ ആദ്യ ഭാഗത്ത് നെടുമുടി വേണു പ്രധാന വേഷത്തിലാണ് എത്തിയത്. രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഇടക്കാലത്ത് നിന്നുപോയ സമയത്താണ് നെടുമുടി വേണു വിടപറയുന്നത്. തുടർന്ന് നെടുമുടി വേണുവിനെപ്പോലെയുള്ള മറ്റൊരു ആര്‍ട്ടിസ്റ്റിനെ വെച്ചാണ് സിനിമ പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.