ഭുരന്തഭൂമിയിലെ കുരുന്നുകൾക്ക് കൈത്താങ്ങാകാൻ കളിപ്പാട്ടവണ്ടി; സഹായിക്കാൻ നിങ്ങൾക്കും കഴിയും, ചെയ്യേണ്ടത്..

 ഭുരന്തഭൂമിയിലെ കുരുന്നുകൾക്ക് കൈത്താങ്ങാകാൻ കളിപ്പാട്ടവണ്ടി; സഹായിക്കാൻ നിങ്ങൾക്കും കഴിയും, ചെയ്യേണ്ടത്..

വയനാട്: കേരളം ഇപ്പോഴും ആ ദുരന്തത്തിന്റെ ഭീതിയിൽ നിന്നും മുക്തരായിട്ടില്ല. നാളെ ചെയ്യാനുള്ള കാര്യങ്ങളും ജീവിതത്തിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാമായി ഉറങ്ങാന്‍ കിടന്നവര്‍ പിന്നീടൊരു വെളിച്ചം കാണാതെ പോകുക, വെളിച്ചം കണ്ടവരുടെ കണ്ണിലാകെ ഇരുട്ട് പടരുക, പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാന്‍ പറ്റാതെ പോകുക. നിരവധിപ്പേരുടെ ജീവനാണ് മുണ്ടക്കൈയിൽ പൊലിഞ്ഞത്. പ്രകൃതിക്ഷോഭങ്ങളും മറ്റും ഒരു ജനതയെ തകർക്കുമ്പോൾ ഒറ്റക്കെട്ടായി നിൽക്കുന്ന മലയാളികളെ നമ്മൾ മുൻപും കണ്ടിട്ടുണ്ട്. അത് തന്നെയാണ് ഇവിടെയും കാണാൻ സാധിക്കുന്നത്. സമൂഹമാദ്ധ്യമങ്ങൾ വഴി കുട്ടികളെ ദത്തെടുക്കാൻ സമ്മതമറിയിച്ചുകൊണ്ടും സാമ്പത്തിക സഹായവുമായും നിരവധിപേരാണ് രംഗത്തെത്തിയത്.

ഈ ദുരന്തത്തിൽ ഏറ്റവും കൂടുതൽ മാനസികമായി പിരിമുറുക്കത്തിൽ ആകുന്നത് കുട്ടികളാണ്. എന്താണ് സംഭവിച്ചത് എന്ന് പോലും ആ കുരുന്നുകൾക്ക് അറിയാൻ സാധിച്ചിട്ടില്ല. അവർക്ക് പ്രിയപ്പെട്ട പലതും ആ മണ്ണിനടിയിൽ പെട്ടിട്ടുണ്ടാകും. അവര്‍ എന്നും നെഞ്ചോടു ചേര്‍ത്തു പിടിച്ച് കിടന്നുറങ്ങിയ പാവകളും അവരുടെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടങ്ങളൊക്കെ.

അത്തരത്തില്‍ ദുരന്തത്തിന്റെ ഞെട്ടലില്‍ അകപ്പെട്ടുപോയ കുട്ടികളുടെ മുഖത്ത് ചിരിതെളിയിക്കുകയാണ് കളിപ്പാട്ടവണ്ടിയുടെ ലക്ഷ്യം. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് എന്ന സംഘടനയാണ് ഈ പദ്ധതിക്കു വേണ്ടി കളിപ്പാട്ടങ്ങള്‍ ശേഖരിക്കുന്നത്. ദുരിതമേഖലയിലെ കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റൈറ്റ്‌സിന്റെ തിരുവനന്തപുരം ഓഫീസില്‍ എത്തിക്കാം.

കളര്‍പെന്‍സിലും ചെസ് ബോര്‍ഡും തുടങ്ങി കുട്ടികള്‍ക്ക് കളിക്കാനുളളതെന്തും ഇവര്‍ക്ക് കൈമാറാം. ഈ മാസം 16ാം തീയതിയാണ് തിരുവനന്തപുരത്തു നിന്ന് വണ്ടി പുറപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *