കെ രാധാകൃഷണന്റെ വകുപ്പുകൾ ഇനി മുഖ്യമന്ത്രി ഭരിക്കും; ദേവസ്വവും പട്ടികജാതി വികസനവും ഏറ്റെടുത്തു
തിരുവനന്തപുരം: കെ രാധാകൃഷ്ണൻ രാജിവെച്ചതിനു പിന്നാലെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തു. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി ഏറ്റെടുത്തത്. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ഈ വകുപ്പുകൾ മുഖ്യമന്ത്രി സ്ഥിരം കൈകാര്യം ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല.
ലോക്സഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാധാകൃഷ്ണൻ രാജിവെച്ചത്. ആലത്തൂരിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ വിജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാർഥിയാണ് കെ രാധാകൃഷ്ണൻ. കെ രാധാകൃഷ്ണൻന്റെ രാജി ഗവർണർ അംഗീകരിച്ചു.
സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള ഉത്തരവിൽ രാധാകൃഷ്ണൻ ഒപ്പിട്ടു. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ ഒഴിവാക്കും. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിർദേശം. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകൾ നൽകണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു. നഗർ, ഉന്നതി, പ്രകൃതി എന്നീ പേരുകൾ പകരമായി ഉപയോഗിക്കാനാണ് സർക്കാർ ഉത്തരവിലെ നിർദേശം. പ്രാദേശിക താല്പര്യം നോക്കിയും മറ്റ് പേരുകൾ ഇടാമെന്നും ഉത്തരവിൽ പറയുന്നു.