‘ടാര്‍ജറ്റ് അനുസരിച്ച് സർവീസ് , യാതൊരു കാരണവശാലും ട്രിപ്പ് മുടക്കരുത്’; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഗതാഗത മന്ത്രി

 ‘ടാര്‍ജറ്റ് അനുസരിച്ച് സർവീസ് , യാതൊരു കാരണവശാലും ട്രിപ്പ് മുടക്കരുത്’; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ കര്‍ശന നിർദേശം. ബസ് തകരാറിലായാല്‍ സ്‌പെയര്‍ ബസ് ഉപയോഗിച്ച് ക്യാന്‍സലേഷന്‍ ഒഴിവാക്കണം. കളക്ഷന്‍ കുറവായ റൂട്ടുകള്‍ റീ ഷെഡ്യൂള്‍ ചെയ്യണമെന്നും ടാര്‍ജറ്റ് അനുസരിച്ച് സര്‍വ്വീസ് നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. യാതൊരു കാരണവശാലും ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുത്. 75 ശതമാനം ബസ്സുകളെങ്കിലും ലാഭകരമാക്കണമെന്നും കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു.

അതിനിടെ അംഗീകൃത തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനിടയിലും മിനിബസ് വാങ്ങലുമായി മാനേജ്‌മെന്റ് മുന്നോട്ടുപോകുകയാണ്. 220 ബസുകള്‍ ആദ്യഘട്ടത്തില്‍ വാങ്ങാനാണ് നീക്കം. ഒപ്പം സ്വകാര്യ ബസുകളില്‍ നിന്ന് ഏറ്റെടുത്ത ടേക്ക് ഓവര്‍ റൂട്ടുകളിലേക്കായി 220 ഫാസ്റ്റ് പാസഞ്ചര്‍ ബസ് വാങ്ങാനുള്ള നടപടിയും തുടങ്ങി. ഒക്ടോബറില്‍ 10 പുതിയ സൂപ്പര് ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ ഓടി തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *