മത്സരയോട്ടം വേണ്ട, ആര് കൈ കാണിച്ചാലും നിര്‍ത്തണം; സ്‌കൂട്ടറില്‍ സര്‍ക്കസ് കാണിക്കുന്നവരെ കണ്ടാല്‍ വിട്ടേക്ക്’- വീഡിയോ

 മത്സരയോട്ടം വേണ്ട, ആര് കൈ കാണിച്ചാലും നിര്‍ത്തണം; സ്‌കൂട്ടറില്‍ സര്‍ക്കസ് കാണിക്കുന്നവരെ കണ്ടാല്‍ വിട്ടേക്ക്’- വീഡിയോ

തിരുവനന്തപുരം: മത്സരയോട്ടം നടത്തിയും വേഗം കൂട്ടിയും കെഎസ്ആര്‍ടിസി ബസ് ഓടിക്കരുതെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയില്‍ വാഹനം ഓടിക്കരുത്. അവരാണ് യഥാര്‍ഥ യജമാനന്മാര്‍. സമയം പാലിക്കണം. സമയത്തിന് വണ്ടി സ്റ്റേഷനില്‍ നിന്ന് എടുത്തെന്നും സമയത്ത് വണ്ടി സ്റ്റേഷനില്‍ എത്തിയെന്നും ഉറപ്പാക്കണം. ചെറുവാഹനങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ വാഹനം ഓടിക്കണം. പ്രൈവറ്റ് ബസുമായി മത്സരത്തിന് പോകരുത്. റോഡില്‍ സമാന്തരമായി വാഹനം നിര്‍ത്തണം. റോഡില്‍ ആര് കൈ കാണിച്ചാലും നിര്‍ത്തി കൊടുക്കണമെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരോട് ഗണേഷ് കുമാര്‍ പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രിയുടെ വീഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ ഡ്രൈവര്‍ വിഭാഗം ജീവനക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു മന്ത്രി.

‘കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അച്ചടക്കം പാലിക്കണം. കെഎസ്ആര്‍ടിസി എല്ലാ കാലത്തും അപകടങ്ങള്‍ ഉണ്ടാക്കുന്നു എന്ന ആരോപണമുണ്ട്. ഓരോ ദിവസവും നാലായിരത്തോളം കെഎസ്ആര്‍ടിസി ബസുകളാണ് റോഡില്‍ ഇറങ്ങുന്നത്. അതുകൊണ്ട് അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ അതില്‍ കെഎസ്ആര്‍ടിസിയുടെ പങ്ക് കൂടുതലായിരിക്കും. ഇത് കുറയ്ക്കാന്‍ ശ്രമിക്കണം. അടുത്തിടെയായി മദ്യപിച്ച് വാഹനം ഓടിക്കേണ്ട എന്ന നിലപാട് മാനേജ്‌മെന്റ് എടുക്കുകയും സിഎംഡിയുടെ നിര്‍ദേശപ്രകാരം മദ്യപിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്ത ശേഷം വളരെയധികം അപകടങ്ങള്‍ കുറഞ്ഞിട്ടുണ്ട്. നേരത്തെ ഒരാഴ്ച ഏഴും ആറും അപകടമരണങ്ങളാണ് കെഎസ്ആര്‍ടിസി മൂലം സംഭവിച്ചിരുന്നത്. ഇത് ഒന്നും രണ്ടുമായി കുറയ്ക്കാന്‍ സാധിച്ചു. സ്വിഫ്റ്റ് ബസ് ഓടിക്കുന്നത് ചെറുപ്പക്കാരാണ്. മറ്റു കെഎസ്ആര്‍ടിസി ബസ് ഡ്രൈവരുടെ അത്രയും അനുഭവ സമ്പത്ത് കുറവാണ്. അതുകൊണ്ട് കുറച്ചും കൂടി ശ്രദ്ധിക്കണം.’- മന്ത്രി ഓര്‍മ്മപ്പെടുത്തി.

‘അതുകൊണ്ട് വേഗം കൂട്ടിയും മത്സരയോട്ടം നടത്തിയും വാഹനം ഓടിക്കരുത്. കെഎസ്ആര്‍ടിസി ബസിന്റെ യജമാനന്‍, അത് സിഎംഡിയും മന്ത്രിയും ഒന്നുമല്ല. യാത്രക്കാരാണ് കെഎസ്ആര്‍ടിസിയുടെ യജമാനന്മാര്‍. അവരെ ഭയപ്പെടുത്തുന്ന രീതിയില്‍ വണ്ടി ഓടിക്കരുത്. സമയം പാലിക്കണം. സമയത്തിന് വണ്ടി സ്റ്റേഷനില്‍ നിന്ന് എടുക്കുക. സമയത്തിന് വണ്ടി സ്റ്റേഷനില്‍ എത്തിക്കുക. സമയത്തിന് ഇറങ്ങി സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയും എന്ന് അറിഞ്ഞാല്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ കൂടുതലായി ആശ്രയിക്കും. ചെറുവാഹനങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ ഓടിക്കുക. ചെറു വാഹനങ്ങള്‍ മുട്ടിയാല്‍ വലിയ വാഹനങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. എന്നാല്‍ ചെറുവാഹനങ്ങള്‍ക്ക് അങ്ങനെയല്ല. സ്‌കൂട്ടറില്‍ സര്‍ക്കസ് കാണിക്കുന്നവരെ കണ്ടാല്‍ അവരെ വിട്ടേക്ക്. അവരെ ക്ഷമിച്ച് വിട്ടേക്ക്. നിങ്ങള്‍ കുറച്ചുംകൂടി പക്വത കാണിക്കണം.’- മന്ത്രി പറഞ്ഞു.

പ്രൈവറ്റ് ബസുമായി മത്സരത്തിന് പോകേണ്ട. അങ്ങനെ മത്സരത്തിന് പോകുമ്പോള്‍ പലപ്പോഴും റോഡരികില്‍ നില്‍ക്കുന്ന നിരപരാധിയായ വ്യക്തികളുടെ ജീവനാണ് ഭീഷണിയാവുന്നത്. കെഎസ്ആര്‍ടിസി ബസായാലും പ്രൈവറ്റ് ബസായാലും വാഹനം നിര്‍ത്തുമ്പോള്‍ പരമാവധി ഇടതുവശം ചേര്‍ത്തുനിര്‍ത്താന്‍ ശ്രദ്ധിക്കണം. എതിര്‍വശത്ത് നിന്നു വരുന്ന ബസുമായി സമാന്തരമായി ബസ് നിര്‍ത്താന്‍ പാടില്ല. ചിലപ്പോള്‍ സ്‌റ്റോപ്പ് ആയിരിക്കാം. കുറച്ചു മുന്നോട്ട് മാറ്റി നിര്‍ത്തുക. സമാന്തരമായി വാഹനം നിര്‍ത്തുന്നത് മറ്റു വാഹന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി മാറും. ഇത് ഗതാഗതക്കുരുക്കിന് കാരണമാകും. മുന്നില്‍ കൊണ്ടുപോയി ബസ് നിര്‍ത്തുന്നത് പ്രൈവറ്റ് ബസുകാരുടെ ഒരു രീതിയാണ്. മറ്റുള്ള വാഹനങ്ങള്‍ കയറി പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മറ്റുള്ളവര്‍ക്കും റോഡില്‍ യാത്ര ചെയ്യാന്‍ അവകാശമുണ്ട്. റോഡിന്റെ നടുവില്‍ ഒരു കാരണവശാലും വാഹനം നിര്‍ത്തരുത്.’- ഗണേഷ് കുമാര്‍ ഓര്‍മ്മിപ്പിച്ചു.

‘ഫോണില്‍ സംസാരിച്ച് കൊണ്ട് വാഹനം ഓടിക്കരുത്. വണ്ടി ഓടിക്കുമ്പോള്‍ ഒരു കാരണവശാലും മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവും. ഒരേ റൂട്ടിലേക്ക് വരിവരിയായി വണ്ടി ഓടിച്ച് പോകരുത്. കാണുന്ന ആളുകള്‍ക്ക് അത് പരിഹാസമാകും. മുന്നില്‍ അതേ റൂട്ടില്‍ ഓടുന്ന ബസ് ഉണ്ടെങ്കില്‍ വേഗം കുറച്ച് വരിവരിയായി പോകുന്നത് ഒഴിവാക്കുക. വരിവരിയായി ബസ് ഓടുന്നത് നഷ്ടം കൂട്ടാന്‍ ഇടയാക്കും. നാട്ടുകാരും പറയും. കാലിയായി ബസ് ഓടിക്കുന്നു എന്ന്. വെറുതെയല്ല ഇവര്‍ നഷ്ടത്തിലായത് എന്ന് പറഞ്ഞ് പരിഹസിക്കും. ബസില്‍ ആളുകള്‍ കയറി എന്ന് ഉറപ്പാക്കിയ ശേഷം വണ്ടിയെടുക്കുക. കൈ കാണിച്ചാല്‍ വണ്ടി നിര്‍ത്തി കൊടുക്കണം. വണ്ടി നിര്‍ത്തി ആളെ കയറ്റിയാലെ കളക്ഷന്‍ കിട്ടൂ. ആക്‌സിലേറ്ററില്‍ കൂടുതല്‍ കാല് കൊടുത്ത് ഡീസല്‍ അമിതമായി കത്തിച്ചുകളയുന്നത് ഒഴിവാക്കണം. പരമാവധി മൈലേജ് കിട്ടുന്ന രീതിയില്‍ വേണം വണ്ടിയോടിക്കാന്‍.’- മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *