‘അടുക്കളയിൽ ഞാൻ പെട്ടുപോയി, വല്ലാത്തൊരു നരകമായി തോന്നി; സ്വന്തം അനുഭവമാണ് സിനിമയ്ക്ക് പിന്നിൽ’; ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ പിറന്ന വഴിയെ കുറിച്ച് ജിയോ ബേബി
സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ പൊതുവേ അടുക്കളയുമായി ബന്ധപ്പെടുകയാണ് പറയാറുള്ളത്. ഇന്ത്യയിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും എല്ലാം ഒരുപോലെയാണ് ഇത്. പുരുഷനെ ഗൃഹനാഥൻ എന്ന പേരിൽ വിളിക്കുമ്പോൾ സ്ത്രീക്ക് ഗൃഹനാഥേക്കാൾ അടുക്കള സാമ്രാജ്യമായി നൽകുന്നവരാണ് പലരും. ഭാര്യ വച്ചുണ്ടാക്കി തന്ന ഭക്ഷണം കഴിച്ചാൽ മാത്രം തൃപ്തി അടയുന്ന പുരുഷന്മാരുടെ സമൂഹമാണ് ഉള്ളത്. ഇവയെല്ലാം തന്നെ വളരെ കൃത്യമായി തുറന്നു കാട്ടിയ ചിത്രമായിരുന്നു 2021ൽ പുറത്തിറങ്ങിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സ്ത്രീകൾ എങ്ങനെയാണ് അടുക്കളയിൽ മാത്രം ഒതുങ്ങി പോകുന്നത് എന്നും വീട്ടു ജോലികൾ എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്നും ഈ ചിത്രം പറയുന്നു. ഇപ്പോഴിതാ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയുണ്ടായതിന് പിന്നിലെ പ്രേരണയെക്കുറിച്ച് സംസാരിക്കുകയാണ് ജിയോ ബേബി.
അടുക്കളയിലെ തന്റെ അനുഭവങ്ങളാണ് ഇത്തരമൊരു സിനിമയ്ക്ക് കാരണമായതെന്ന് ജിയോ ബേബി പറയുന്നു. എന്റെ വീടിന്റെ അടുക്കളയിൽ നിമിഷ സജയനെ പോലെ ഞാൻ പെട്ട് പോയി. അതൊരു സിനിമയ്ക്ക് വിഷയമാകുമോ എന്നെനിക്ക് അറിയില്ലായിരുന്നു.
എന്റെ അടുക്കള ജീവിതമാണ് എന്നെ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലേക്ക് എത്തിക്കുന്നത്. ഞാൻ എന്റെ പങ്കാളിക്ക് സൗകര്യമായിക്കോട്ടെ എന്ന് കരുതി ജോലികൾ പങ്കുവെക്കാമെന്ന് പറഞ്ഞു. അടുക്കളയിൽ കയറി. അത് വല്ലാത്തൊരു നരകമായി എനിക്കനുഭവപ്പെട്ടു. ആ സമയത്താണ് ഞാൻ പെണ്ണുങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്. എന്റെ ചേച്ചിയെ കുറിച്ചാണെങ്കിലും അമ്മയെ കുറിച്ചാണെങ്കിലും പങ്കാളി ബീനയെക്കുറിച്ചാണെങ്കിലും ചിന്തിക്കുന്നത് അപ്പോഴാണ്.
വീട്ടിലെ ഏകദേശം എല്ലാ ഉത്തരവാദിത്വങ്ങളും എനിക്കുണ്ടായിരുന്നു. അടിച്ച് വാരണം, തുണി അലക്കണം, തുണി വിരിക്കണം, മകന്റെ കാര്യങ്ങൾ നോക്കണം. ശരിക്കും ഭ്രാന്താകുന്ന അവസ്ഥ. എല്ലാം കഴിഞ്ഞ് രാത്രി ഒരു സിനിമ കാണാൻ പറ്റുന്നില്ല. ബുക്കെടുത്താൽ ഉറങ്ങിപ്പോകും. അത്രമാത്രം മടുത്തു. അടുക്കള വച്ച് ഒരു സിനിമ ചെയ്യുമെന്ന് ഒരു രാത്രി ഞാൻ ബീനയോട് പറഞ്ഞതാണ്.
അടുക്കള ഒരു നരകമാണെന്ന് ആരും കാര്യമായി എഴുതിയിരുന്നില്ല. അങ്ങനെയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ ഉണ്ടാകുന്നത്. ഏകദേശം ഇതേ പ്രമേയമുള്ള ആദാമിന്റെ വാരിയെല്ല് എന്ന സിനിമ കെജി ജോർജ് സർ ചെയ്തിരുന്നെന്ന് പിന്നീടാണ് എനിക്ക് മനസിലായതെന്ന് ജിയോ ബേബി വ്യക്തമാക്കി. അദ്ദേഹത്തെ പോയി കാണുകയും പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും സിനിമ കാണിക്കുകയും ചെയ്തിട്ടുണ്ടെന്നും ജിയോ ബേബി വ്യക്തമാക്കി.
ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ കാണിച്ചത് പഴയ കാലത്തെ അടുക്കളയിലെ സാഹചര്യം ആണെന്ന വിമർശത്തിനും ജിയോ ബേബി മറുപടി നൽകി. ഇത്തരം അഭിപ്രായം വന്നപ്പോൾ സ്ത്രീകളും ബോധമുള്ള പുരുഷൻമാരും അന്ന് പ്രതികരിച്ചതാണ്. അടുക്കളയിലെ സാഹചര്യം മാറിയിട്ടുണ്ടാകാമെങ്കിലും ഇന്നും വീട്ടു ജോലി ചെയ്യുന്നത് സ്ത്രീകൾ തന്നെയാണെന്നും ജിയോ ബേബി ചൂണ്ടിക്കാട്ടി.
നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. കാതൽ ദ കോർ ആണ് ജിയോ ബേബി രണ്ടാമത് ചെയ്ത സിനിമ. മമ്മൂട്ടി നായകനായ ചിത്രത്തിൽ ജ്യോതിക നായികയായെത്തി. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.