രണ്ടാം ലോക മഹായുദ്ധ കാലത്ത് യുഎസ് ജപ്പാനിൽ ഇട്ട ബോംബ് 79 വർഷങ്ങൾക്കു ശേഷം റൺവേയിൽ പൊട്ടിത്തെറിച്ചു
ടോക്യോ: രണ്ടാം ലോകമഹായുദ്ധ കാലത്ത് യുഎസ് ജപ്പാനിൽ ഇട്ട ബോംബ് 79 വർഷങ്ങൾക്കു ശേഷം പൊട്ടിത്തെറിച്ചു. ജപ്പാനിലെ മിയാസാക്കി വിമാനത്താവളത്തിലാണ് റൺവേക്ക് സമീപം ബോംബ് പൊട്ടിത്തെറിച്ചത്. ഇതെതുടർന്ന് വിമാനത്താവളം അടച്ചുപൂട്ടി. മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന ഈ ബോംബ് പൊട്ടിത്തെറിച്ചതിനെതുടർന്ന് ടാക്സിവേയിൽ 7 മീറ്റർ വീതിയും 1 മീറ്റർ ആഴവുമുള്ള കുഴി രൂപപ്പെട്ടു. ഏകദേശം 87 വിമാനങ്ങൾ ഇതെതുടർന്ന് റദ്ദാക്കി.
മണ്ണിനടിയിൽ കുഴിച്ചിട്ട ബോംബാണ് പൊട്ടിത്തെറിച്ചത്. അമേരിക്കൻ ബോംബാണെന്നും യുദ്ധകാലത്തെ വ്യോമാക്രമണത്തിൽ പൊട്ടാതെ കിടന്നിരുന്നതാണെന്നും സ്ഥിരീകരിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാവിലെയോടെ അറ്റകുറ്റപ്പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വക്താവ് യോഷിമാസ ഹയാഷി പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കും.
ജപ്പാൻ എയർലൈൻസ് (ജെഎഎൽ), ഓൾ നിപ്പോൺ എയർവേയ്‌സ് (എഎൻഎ) എന്നിവയും മറ്റ് എയർലൈനുകളും നടത്തുന്ന വിമാനങ്ങളെയും ബാധിച്ചു. ടാക്‌സിവേയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി എത്രയും വേഗം സാധാരണ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് വിമാനക്കമ്പനികൾ. അതേസമയം, പൊട്ടാത്ത ബോംബുകൾ ജപ്പാനിൽ നിരന്തരമായ ഭീഷണിയായി തുടരുന്നു. യുദ്ധം അവസാനിച്ച് 79 വർഷത്തിലേറെയായിട്ടും, ഗതാഗത മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, മിയാസാക്കി വിമാനത്താവളത്തിൽ മുമ്പും പൊട്ടാത്ത ഒന്നിലധികം ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. 2023ൽ മാത്രം 37.5 ടൺ ഭാരമുള്ള 2,348 ബോംബുകളാണ് നിർവീര്യമാക്കിയത്.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജാപ്പനീസ് നാവിക സേനാ താവളമായിരുന്ന മിയാസാക്കി വിമാനത്താവളം പിന്നീടാണ് സിവിലിയൻ വിമാനത്താവളമായി ഉപയോഗിക്കാൻ തുടങ്ങിയത് . ജപ്പാൻ എയർലൈൻസ്, ഓൾ നിപ്പോൺ എയർവേസ്, സോളസീഡ് എയർ തുടങ്ങിയ പ്രധാന എയർലൈനുകൾ മിയാസാക്കിയിൽ നിന്ന് സർവീസ് നടത്തുന്നു. ടോക്കിയോ, ഒസാക്ക, ഫുകുവോക്ക തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കും തായ്‌വാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര സർവീസും ഇവിടെനിന്നുണ്ട്.