ഐ.എസ്.ആർ ഒ. യിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; 54കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ ഒ. യിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ 54കാരൻ പിടിയിൽ. തൊളിക്കോട് വേങ്കകുന്ന് മുരുകവിലാസത്തിൽ ജി. മുരുകനെയാണ് വലിയമല പൊലീസ് പിടികൂടിയത്.
കരാർ വ്യവസ്ഥയിൽ വലിയമല ഐ.എസ്.ആർ ഒ. യിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് അഞ്ചോളം പേരെയാണ് ഇയാൾ കബളിപ്പിച്ചത്. പണം നൽകിയവർക്ക് ജോലി കിട്ടാതെ വന്നതോടെ അവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. അറസ്റ്റ് ചെയ്ത മുരുകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.