പ്രതിമാസം രണ്ടുലക്ഷം രൂപ ശമ്പളം; പതിനയ്യായിരത്തോളം തൊഴിലവസരങ്ങൾ; ഇന്ത്യക്കാരെ ഇസ്രയേൽ വിളിക്കുന്നു…
ന്യൂഡൽഹി: ഇസ്രായേലിൽ 15000 ത്തോളം തൊഴിലവസരങ്ങൾ. അടിസ്ഥാന സൗകര്യ, ആരോഗ്യ മേഖലകളിലാണ് അവസരങ്ങൾ. 10,000 നിർമാണ തൊഴിലാളികളെയും 5,000 കെയർ ടേക്കർമാരെയുമാണ് ഇസ്രായേൽ ഇന്ത്യയോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം 10000 നിർമ്മാണ തൊഴിലാളികളെ ആവശ്യപ്പെട്ടെങ്കിലും 5,000 തൊഴിലാളികളെ മാത്രമാണ് ഇസ്രായേലിലേക്ക് അയച്ചത്. തൊഴിലാളികളെ ഇന്റർവ്യൂ ചെയ്യുന്നതിനായി അടുത്തയാഴ്ച ഇസ്രായേലിൽ നിന്നുള്ള ഒരു സംഘം ഇന്ത്യയിലെത്തും.
നിർമ്മാണ തൊഴിലാളികൾക്കായുള്ള റിക്രൂട്ട്‌മെൻ്റ് മഹാരാഷ്ട്രയിലായിരിക്കും നടക്കുക. നിർമാണത്തൊഴിലാളികൾക്ക് പുറമേ, ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 5,000 ആരോഗ്യപ്രവർത്തകരെയും റിക്രൂട്ട് ചെയ്യാൻ ഇസ്രായേൽ ശ്രമിക്കുന്നു. ഉദ്യോഗാർഥികൾ പത്താം ക്ലാസ് വിദ്യാഭ്യാസമെങ്കിലും പൂർത്തിയാക്കിയിരിക്കണം. കൂടാതെ ഒരു അംഗീകൃത ഇന്ത്യൻ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പുറമെ, 990 മണിക്കൂർ പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ഒരു കെയർഗിവിംഗ് കോഴ്‌സും ഉണ്ടായിരിക്കണം.
ഈ വർഷമാദ്യം നടന്ന റിക്രൂട്ട്മെന്റിൽ മൊത്തം 16,832 ഉദ്യോഗാർഥികൾ പങ്കെടുത്തു. അതിൽ 10,349 പേരെയാണ് തെരഞ്ഞെടുത്തത്. വിജയികളായ ഉദ്യോഗാർഥികൾക്ക് മെഡിക്കൽ ഇൻഷുറൻസ്, ഭക്ഷണം, താമസം, കൂടാതെ പ്രതിമാസ ബോണസ് എന്നിവയ്‌ക്ക് പുറമേ 1.92 ലക്ഷം രൂപ പ്രതിമാസ ശമ്പളമാണ് ഇവർ വാഗ്ദാനം ചെയ്തിരിക്കുന്നത്. 2023 നവംബറിൽ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് അന്ന് സ്‌കിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ റിക്രൂട്ട്മെന്റ് നടത്തിയത്. ഉത്തർപ്രദേശ്, ഹരിയാന, തെലങ്കാന എന്നിവിടങ്ങളിൽ വെച്ചായിരുന്നു ആദ്യഘട്ട റിക്രൂട്ട്‌മെൻ്റ് നടന്നത്.