രാജസ്ഥാന് തുടര്‍ച്ചയായ നാലാം തോല്‍വി; പഞ്ചാബ് കിങ്സിന് രാജകീയ ജയം

 രാജസ്ഥാന് തുടര്‍ച്ചയായ നാലാം തോല്‍വി; പഞ്ചാബ് കിങ്സിന് രാജകീയ ജയം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 5 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സാം കറന്റെ (63* ) മികച്ച പ്രകടനമാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. റീലി റോസോ (22), ജിതേഷ് ശര്‍മ്മ (22) എന്നിവരും ക്യാപ്റ്റന് പിന്തുണ നല്‍കി. രാജസ്ഥാനായി ചാഹലും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

പഞ്ചാബിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. പ്രഭ്‌സിമ്രാന്‍ സിംഗും (6) ജോണി ബെയര്‍സ്‌റ്റോയും (14) ശശാങ്ക് സിംഗും (0) റോസോയും വേഗം മടങ്ങി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കറനും ജിതേഷ് ശര്‍മ്മയും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഇരുവരും അഞ്ചാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിജയത്തോട് അടുക്കവെ ജിതേഷിനെ ചാഹല്‍ പുറത്താക്കിയത് പഞ്ചാബിന് തിരിച്ചടിയായി.

പിന്നീട് സാം കറന്‍ വാലറ്റത്തെ കൂട്ടുപിടിച്ചാണ് ജയം പൂര്‍ത്തിയാക്കിയത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് റണ്‍സ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് എടുത്തത്. മുന്‍നിര ബാറ്റ്സ്മാന്‍മാരുടെ മോശം പ്രകടനമാണ് രാജസ്ഥാന് തിരിച്ചടിയായത്. കൃത്യതയോടെ പന്തെറിഞ്ഞ പഞ്ചാബ് ബൗളര്‍മാര്‍ രാജസ്ഥാന്‍ ബാറ്റ്സ്മാന്‍മാരെ ആദ്യ ഓവറുകളില്‍ തന്നെ വരിഞ്ഞ് മുറുക്കി.

യശ്വസി ജയ്സ്വാള്‍ (4), കാഡ്മോര്‍ (18), സഞ്ജു സാംസണ്‍ (18) എന്നിവര്‍ സ്‌കോര്‍ ബോര്‍ഡില്‍ 42 റണ്‍സ് മാത്രമുള്ളപ്പോള്‍ കൂടാരം കയറി. നാലാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന റിയാന്‍ പരാഗും അശ്വിനുമാണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 19 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും അടക്കം 28 റണ്‍സെടുത്ത അശ്വിനെ അര്‍ഷ്ദീപ് പുറത്താക്കി.

Leave a Reply

Your email address will not be published. Required fields are marked *