ഐപിഎൽ: കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന് തിരിച്ചടി; റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 60 റൺസിന്റെ തകർപ്പൻ ജയം

 ഐപിഎൽ: കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന് തിരിച്ചടി; റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 60 റൺസിന്റെ തകർപ്പൻ ജയം

ധരംശാല: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 60 റൺസിന്റെ തകർപ്പൻ ജയം. 242 എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന് തുടക്കത്തിലേ തിരിച്ചടിയേറ്റു.

സ്കോർ ബോർഡിൽ ആറ് റൺസ് മാത്രമുള്ളപ്പോൾ ഓപണർ പ്രഭ്സിമ്രാൻ സിങ് (6) സ്വപ്നിൽ സിങ്ങിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. എന്നാൽ, പിന്നീട് ഒന്നിച്ച ജോണി ബെയർസ്റ്റോ-റിലി റൂസോ സഖ്യം അതിവേഗം സ്കോർ ചലിപ്പിച്ചു. 5.5 ഓവറിൽ 71 റൺസിലെത്തിയപ്പോൾ ജോണി ബെയർസ്റ്റോയെ (16 പന്തിൽ 27) ഫാഫ് ഡു പ്ലസിയുടെ കൈയിലെത്തിച്ച് ലോക്കി ഫെർഗൂസൻ കൂട്ടുകെട്ട് പൊളിച്ചു.

തുടർന്നെത്തിയ ശശാങ്ക് സിങ് തകർപ്പൻ ഫോം തുടർന്നതോടെ പഞ്ചാബിന് വിജയപ്രതീക്ഷയായി. എന്നാൽ 17 ഓവറിൽ 181 റൺസിന് പുറത്താവുകയായിരുന്നു. 27 പന്തിൽ 61 റൺസടിച്ച റിലി റൂസോയാണ് പഞ്ചാബ് നിരയിൽ തിളങ്ങിയത്.

കൊൽക്കത്ത നൈറ്റ് ​റൈഡേഴ്സിനോട് ഒരു റൺസിന് തോറ്റ ശേഷം ആർ.സി.ബിയുടെ തുടർച്ചയായ നാലാം ജയമാണിത്. ജയത്തോടെ ആര്‍.സി.ബി പ്ലേ ഓഫിനുള്ള വിദൂര സാധ്യത നിലനിര്‍ത്തിയപ്പോൾ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി. അതിനിടെ റൂസോയും ജിതേഷ് ശർമയും (5), ലിയാം ലിവിങ്സ്റ്റണും (0) അടുത്തടുത്ത് പുറത്തായതിന്റെ തിരിച്ചടിയിൽനിന്ന് പിന്നീട് പഞ്ചാബിന് കരകയറാനായില്ല. വൈകാതെ 19 പന്തിൽ 37 റൺസടിച്ച ശശാങ്ക് സിങ് വിരാട് കോഹ്‍ലിയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി മടങ്ങുകയും ചെയ്തതോടെ അവർ തോൽവി ഉറപ്പിച്ചു.

പിന്നീടെത്തിയവരിൽ ക്യാപ്റ്റൻ സാം കറൺ (22) മാത്രമാണ് രണ്ടക്കം കടന്നത്. അശുതോഷ് ശർമ (8), ഹർഷൽ പട്ടേൽ (0), അർഷ്ദീപ് സിങ് (4), രാഹുൽ ചാഹർ (പുറത്താവാതെ അഞ്ച്) എന്നിങ്ങനെയായിരുന്നു തുടർന്നെത്തിയവരുടെ സംഭാവന. പഞ്ചാബിനായി മുഹമ്മദ് സിറാജ് മൂന്നും സ്വപ്നിൽ സിങ്, ലോക്കി​ ഫെർഗൂസൻ, കരൺ ശർമ എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *