ബംഗളൂരു-ചെന്നൈ മത്സരം തടസ്സപ്പെടുത്തി മഴ; ആരാധകർക്ക് ആശങ്ക

ബംഗളൂരു: ചെന്നൈ സൂപ്പർ കിങ്സ്-റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മത്സരം മഴമൂലം നിർത്തിവെച്ചു. ബംഗളൂരുവിന്റെ ബാറ്റിങ് മൂന്നു ഓവർ പൂർത്തിയാകുമ്പോഴാണ് ആരാധകരെ ആശങ്കയിലാക്കി മഴ എത്തിയത്. വിക്കറ്റുകൾ പോകാതെ ബംഗളൂരു 31 റൺസെടുത്തിട്ടുണ്ട്.
ഒമ്പത് പന്തിൽ 19 റൺസുമായി വിരാട് കോഹ്ലിയും ഒമ്പത് പന്തിൽ 12 റൺസുമായി നായകൻ ഫാഫ് ഡുപ്ലെസിസുമാണ് ക്രീസിൽ. നേരത്തെ, ടോസ് നേടിയ ചെന്നൈ ബംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
പ്ലേ ഓഫിനു മുമ്പേയുള്ള ‘ക്വാർട്ടർ’ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരമാണ് പ്ലേ ഓഫിലേക്കുള്ള അവസാന സ്ഥാനക്കാരെ തീരുമാനിക്കുക. മത്സരം ജയിച്ചാലും മഴമൂലം ഉപേക്ഷിച്ചാലും ചെന്നൈ പ്ലേ ഓഫിലെത്തും. തോൽവി വഴങ്ങിയാൽപോലും വലിയ മാർജിനിൽ അല്ലെങ്കിൽ സി.എസ്.കെക്ക് അവസരമുണ്ട്. നിലവിൽ അവർക്ക് 14 പോയന്റും ബംഗളൂരുവിന് 12 പോയന്റുമാണുള്ളത്.
നിലവിൽ ചെന്നൈ റൺറേറ്റ് +0.528ഉം ആർ.സി.ബിയുടേത് +0.387ഉം ആണ്. അതേസമയം, ബംഗളൂരുവിന് ചെന്നൈക്കെതിരെ ജയം മാത്രം പോര. മികച്ച മാർജിനിൽ തന്നെ ജയിക്കണം. ആദ്യം ബാറ്റ് ചെയ്ത് 200 റൺസ് എടുത്താൽ കുറഞ്ഞത് 18 റൺസിനെങ്കിലും ജയിക്കണം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ 200 റൺസ് കുറിച്ചാൽ ബംഗളൂരു 11 പന്ത് ബാക്കിനിൽക്കെ ജയം നേടിയിരിക്കണം. ദിവസങ്ങളായി നഗരത്തിൽ മഴ ശക്തമായി പെയ്യുന്നുണ്ട്. ഈ രാത്രിയിൽ മഴ മാറിനിന്നില്ലെങ്കിൽ ആതിഥേയർക്ക് മടങ്ങാം.
മഴ പെയ്താലും നേരത്തെ തോർന്നാൽ അതിവേഗം കളിയാരംഭിക്കാവുന്ന മികച്ച സംവിധാനമുള്ള മൈതാനമാണ് ചിന്നസ്വാമി സ്റ്റേഡിയം. ആ പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ എട്ടു കളികളിൽ ഏഴും തോറ്റ ശേഷം വമ്പൻ തിരിച്ചുവരവ് നടത്തിയാണ് ബംഗളൂരു ഇത്രവരെയെങ്കിലും നടത്തിയത്.