വരുമാനം കണ്ടെത്താൻ ഇന്ത്യൻ റെയിൽവേയുടെ പുതിയ ഐഡിയ; ട്രെയിനിൽ ആഡംബര ഹോട്ടൽ
വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവേ. ഇതിനായി പല ഐഡിയകളും റെയിൽവേ പരീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ ഉപയോഗ ശൂന്യമായി കിടക്കുന്ന കോച്ചുകൾ ഹോട്ടലുകളായി മാറ്റിയെടുക്കുക എന്ന ആശയത്തിലാണ് എത്തി നിൽക്കുന്നത്. കാലാവധി കഴിഞ്ഞ കോച്ചുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഇവ ആധുനിക സൗകര്യങ്ങൾ എല്ലാമുള്ള ഹോട്ടലുകളാക്കി മാറ്റിയെടുക്കുയാണ് പദ്ധതി.
പൊളിച്ചു വിൽക്കുന്നതിനായി മാറ്റിയിട്ടിരിക്കുന്ന കോച്ചുകളും വരുമാനമില്ലാതെ കിടക്കുന്ന ഭൂമിയും ഇനി ഈ പദ്ധതിയിലൂടെ റെയിൽവേക്കു അധിക വരുമാനം നേടിക്കൊടുക്കും. ഇരുപതു വർഷമായ കോച്ചുകളാണ് പിന്നീട് ഉപയോഗിക്കാതെ മാറ്റിയിടുന്നത്. ഈ കോച്ചുകൾ മുഖം മിനുക്കി എത്തുമ്പോൾ വലിയ ഹോട്ടലുകൾ വരെ മാറിനിൽക്കും. അത്രയേറെ സൗകര്യങ്ങളോടെയായിരിക്കും ഇവയെത്തുക. അഞ്ചു വർഷത്തേക്ക് കോച്ചുകൾ കിടക്കുന്ന ഭൂമി പാട്ടത്തിനു നൽകും. ബെംഗളൂരുവിലാണ് ഈ ആശയത്തിന് ചുവടുപിടിച്ചുള്ള ഭക്ഷണശാല തുറന്നിരിക്കുന്നത്. പുറം കാഴ്ചയിൽ ട്രെയിൻ ബോഗിയെന്നു തോന്നുമെങ്കിലും അകത്തള കാഴ്ച ആഡംബരം നിറഞ്ഞതു തന്നെയാണ്. ഒരേ സമയം നാൽപതു പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.
മുംബൈയിൽ നിന്നുമുള്ള ഹാൽദിറാം ഗ്രൂപ്പാണ് ബെംഗളൂരു മജസ്റ്റിക്കിലുള്ള കോച്ചിനെ റസ്റ്ററന്റ് ആക്കി മാറ്റിയെടുത്തത്. ബെംഗളൂരുവിലാണെന്നു കരുതി ദക്ഷിണേന്ത്യൻ വിഭവങ്ങൾ മാത്രമല്ല, ഉത്തരേന്ത്യൻ വിഭവങ്ങളും ഇവിടെ വിളമ്പുന്നുണ്ട്. ഈ റസ്റ്ററന്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുമെന്നതാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോച്ച് റസ്റ്റോറന്റ് ഹൈദരാബാദിലെ കച്ചിഗുഡയിലാണ് തുറന്നത്. ബെംഗളൂരുവിൽ രണ്ടിടങ്ങളിൽ ഈ കോച്ച് റസ്റ്ററന്റുകളുണ്ട്. മജസ്റ്റിക്കിലും ബൈപ്പിനഹള്ളി എസ് എം ബി ടി സ്റ്റേഷനിലുമാണ് ഇവ പ്രവർത്തിക്കുന്നത്.