ചരിത്രം ആവർത്തിക്കാനല്ല, ഇത്തവണ ഇറങ്ങിയത് തിരുത്തി കുറിയ്ക്കാൻ; അഞ്ചുവട്ടവും കയ്യകലത്ത് നിന്ന് നഷ്‌ടമായ ഏഷ്യാ കപ്പ് കിരീടം ഇനി ശ്രീലങ്കയ്ക്ക് സ്വന്തം; ഇന്ത്യയെ തകർത്തത് എട്ട് വിക്കറ്റിന്

 ചരിത്രം ആവർത്തിക്കാനല്ല, ഇത്തവണ ഇറങ്ങിയത് തിരുത്തി കുറിയ്ക്കാൻ; അഞ്ചുവട്ടവും കയ്യകലത്ത് നിന്ന് നഷ്‌ടമായ ഏഷ്യാ കപ്പ് കിരീടം ഇനി ശ്രീലങ്കയ്ക്ക് സ്വന്തം; ഇന്ത്യയെ തകർത്തത് എട്ട് വിക്കറ്റിന്

ദാംബുള്ള: ചരിത്രം ആവർത്തിക്കാൻ ഇത്തവണ ശ്രീലങ്ക ആഗ്രഹിച്ചില്ല, അവർ കളം വിട്ടത് അഞ്ചുവട്ടം ഫൈനൽ കളിച്ചെങ്കിലും ഒരിക്കൽപോലും സ്വന്തമാക്കാൻ കഴിയാത്ത വന്ന കപ്പുമായി. ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ശ്രീലങ്കയ്ക്ക് ഇത് കന്നികിരീടമാണ്. ധാംബുള്ളയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. 60 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹര്‍ഷിത സമരവിക്രമ (51 പന്തില്‍ പുറത്താവാതെ 69), ചമാരി അത്തപ്പത്തു (61) എന്നിവരാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്.

അഞ്ചുവട്ടം ഫൈനൽ കളിച്ചെങ്കിലും ഒരിക്കൽപോലും ശ്രീലങ്കയ്ക്ക് കിരീടത്തിലേക്കെത്താനായിരുന്നില്ല. എല്ലായ്പ്പോഴും തോറ്റതാകട്ടെ ഇന്ത്യയോടും. ഇക്കുറി ഇതിനെല്ലാമുള്ള മറുപടിയായിരുന്നു ശ്രീലങ്കയുടേത്. ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവിന്റെ ബാറ്റിങ് മികവാണ് ശ്രീലങ്കയ്ക്ക് തങ്ങളുടെ കന്നിക്കിരീടം സമ്മാനിച്ചത്. 43 പന്തുകളിൽ ഒമ്പത് ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 61 റൺസ് നേടി 12-ാം ഓവറിൽ അട്ടപ്പട്ടു മടങ്ങുമ്പോഴേക്കും ശ്രീലങ്ക ഏതാണ്ട് ഭദ്രമായ നിലയിൽ എത്തിയിരുന്നു.

അട്ടപ്പട്ടു പുറത്തായതോടെ ഹര്‍ഷിദ സമരവിക്രമ(69) ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. 51 പന്തുകളിൽ ആറ് ബൗണ്ടറികളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു ഹര്‍ഷിദയുടെ ഇന്നിങ്സ്. കാവിഷ ദിൽഹരിയുടെ ഓൾ റൗണ്ടർ മികവും ശ്രീലങ്കയ്ക്ക് തുണയായി. ടീമിനുവേണ്ടി രണ്ട് വിക്കറ്റുകൾ നേടിയ കാവിഷ 16 പന്തുകളിൽ 30 റൺസും തന്റെ പേരിൽ കുറിച്ചു.

മിന്നുന്ന ഫോമിലുള്ള ടീം ഇന്ത്യയാണ് ഇന്ന് കളത്തിലിറങ്ങിയത്. ഗ്രൂപ്പ് എ-യിലെ മൂന്നുമത്സരങ്ങളിലും ആധികാരികജയം നേടിയാണ് കിരീടപ്പോരാട്ടത്തിന് അർഹതനേടിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ടീം സ്മൃതി മന്ദാനയുടെ ബാറ്റിങ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 47 പന്തുകള്‍ നേരിട്ട സ്മൃതി പത്ത് ബൗണ്ടറികളോടെ 60 രൺസ് സ്വന്തമാക്കിയാണ് ക്രീസ് വിട്ടത്. മറ്റൊരു ഓപ്പണര്‍ ഷഫാലി വര്‍മ 19 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയടക്കം 16 റണ്‍സെടുത്തു.

അവസാന ഓവറുകളിൽ ജമീമ റോഡ്രിഗസ്, റിച്ചഘോഷ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങും ഇന്ത്യയെ തുണച്ചു. 16 പന്തിൽനിന്ന് മൂന്ന് ബൗണ്ടറികളും ഒരു സിക്സും അടക്കം 29 റൺസ് ജെമീമ റോഡ്രിഗസ് സ്വന്തമാക്കിയപ്പോൾ നാല് ബൗണ്ടറികളും ഒരു സിക്സും അടക്കം 30 റൺസെടുത്താണ് റിച്ച ക്രീസ് വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *