ഇത് പെൺപുലികളുടെ വിജയം; പാകിസ്ഥാനെ നിലംപരിശാക്കി ഇന്ത്യ, വീഴ്ത്തിയത് ആറു വിക്കറ്റിന്

 ഇത് പെൺപുലികളുടെ വിജയം; പാകിസ്ഥാനെ നിലംപരിശാക്കി ഇന്ത്യ, വീഴ്ത്തിയത് ആറു വിക്കറ്റിന്

ദുബായ്: വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഇന്ത്യ. ആറു വിക്കറ്റിന് ആണ് ഹർമൻപ്രീത് കൗറും സംഘവും പാകിസ്ഥാനെ വീഴ്ത്തിയത്. മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ പാകിസ്ഥാനെ 105 എന്ന ചെറിയ സ്‌കോറിന് ഒതുക്കിയ ഇന്ത്യ 18.5 ഓവറുകളില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 105 റൺസ്. മറുപടി ബാറ്റിങ്ങിൽ വേഗത കുറവായിരുന്നെങ്കിലും ഏഴു പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി.

ജയിച്ചെങ്കിലും ആദ്യ മത്സരത്തിൽ നേരിട്ട കനത്ത തോൽവിയോടെ ഇടിഞ്ഞുപോയ റൺറേറ്റ് ഉയർത്താൻ ഈ മത്സരത്തിൽ കാര്യമായ ശ്രമം നടത്താതിരുന്നത് ടീമിന്റെ മുന്നേറ്റ സാധ്യയെ ബാധിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. വിജയത്തിന്റെ വക്കിൽ ക്രീസിൽ നിലതെറ്റിവീണ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തിരികെ കയറിയതും ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് വക നൽകുന്നു.

35 പന്തിൽ മൂന്നു ഫോറുകൾ സഹിതം 32 റൺസെടുത്ത ഓപ്പണർ ഷഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 24 പന്തിൽ ഒരു ഫോർ സഹിതം 29 റൺസെടുത്ത് റിട്ടയേർഡ് ഹർട്ടായി മടങ്ങി. 28 പന്തിൽ ഒരു ബൗണ്ടറി പോലും കൂടാതെ 23 റൺസെടുത്ത ജമീമ റോഡ്രിഗസാണ് മികച്ച സംഭാവന നൽകിയ മറ്റൊരു താരം. ജമീമ, റിച്ച ഘോഷ് എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി പാക്ക് ക്യാപ്റ്റൻ ഫാത്തിമ സന ചെറുതായൊന്ന് വിറപ്പിച്ചെങ്കിലും, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഒരറ്റത്ത് ഉറച്ചുനിന്ന് ഇന്ത്യയെ രക്ഷപ്പെടുത്തി. നേരിട്ട ഒരേയൊരു പന്തിൽ ഡബിളുമായി മലയാളി താരം സജന സജീവനാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ദീപ്തി ശർമ എട്ടു പന്തിൽ ഏഴു റൺസുമായി പുറത്താകാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *