മലയാളി താരം ആശാ ശോഭനയ്ക്ക് ഒരു വിക്കറ്റ്; ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 161 റണ്‍സ്
ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് 161 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി. ക്യാപ്റ്റന്‍ സോഫി ഡിവൈനിന്റെ അര്‍ധ സെഞ്ചുറിയാണ് (36 പന്തില്‍ 57) ന്യൂസീലന്‍ഡിനെ മികച്ച നിലയിലെത്തിച്ചത്.
ഇന്ത്യക്കായി രേണുക സിങ് രണ്ട് വിക്കറ്റുകള്‍ നേടി. മലയാളി താരം ആശാ ശോഭനയും അരുന്ധതി റെഡ്ഡിയുമാണ് മറ്റ് വിക്കറ്റുകള്‍ നേടിയത് .
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. സുസീ ബേറ്റ്സ് (27) ആണ് ആദ്യം പുറത്തായത്. ജോര്‍ജിയ പ്ലിമ്മറുമായി (34) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. അമേലിയ കെര്‍ (13), ബ്രൂക്ക് ഹാലിഡെ (16), മാഡി ഗ്രീന്‍ (5) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. 36 പന്തുകളില്‍ ഏഴ് ഫോറുകള്‍ ചേര്‍ന്നതാണ് സോഫിയുടെ അര്‍ധ സെഞ്ചുറി.
നാലോവറില്‍ 27 റണ്‍സ് വഴങ്ങി രേണുക സിങ് രണ്ട് വിക്കറ്റുകള്‍ നേടി. നാലോവറില്‍ 22 റണ്‍സ് വഴങ്ങിയാണ് ആശയുടെ വിക്കറ്റ്. ന്യൂസീലന്‍ഡ് ഓപ്പണര്‍ ജോര്‍ജിയ പ്ലിമ്മറിനെ സ്മൃതി മന്ഥാനയുടെ കൈകളിലെത്തിച്ച് മടക്കുകയായിരുന്നു.