തുടർച്ചയായ മൂന്നാം വർഷവും ടിസിഎസ് തന്നെ ഒന്നാമത്

 തുടർച്ചയായ മൂന്നാം വർഷവും ടിസിഎസ് തന്നെ ഒന്നാമത്

രാജ്യത്തെ ഏറ്റവും മികച്ച 75 ബ്രാൻഡുകൾ മികച്ച വളർച്ചയാണ് കാഴ്ച്ചവെക്കുന്നതെന്ന് റിപ്പോർട്ട്. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എയർടെൽ, ഇൻഫോസിസ്, എസ്ബിഐ ഉൾപ്പെടെയുള്ള ബ്രാൻഡുകളാണ് വൻ നേട്ടവുമായി മുന്നേറുന്നതെന്ന് കാന്താർ ബ്രാൻഡ് ഇസഡ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 37 ലക്ഷം കോടി രൂപയാണ് ഇവയുടെ ആകെ ബ്രാൻഡ് മൂല്യം. 19 ശതമാനം വളർച്ചാനിരക്ക് രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെ പ്രമുഖ മാർക്കറ്റിംഗ് ഡാറ്റ ആൻഡ് അനലിറ്റിക്സ് കമ്പനിയാണ് കാന്താർ.108 വിഭാഗങ്ങളിലായി 1,535 ബ്രാൻഡുകളിൽ 141,000 പേരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് 2024ലെ റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്.

രാജ്യത്തെ മുൻ നിര ഐടി സ്ഥാപനമായ ടിസിഎസ് തന്നെയാണ് ഏറ്റവും മൂല്യമുള്ള ബ്രാൻഡ്. തുടർച്ചയായ മൂന്നാം വർഷമാണ് ടിസിഎസ് ഈ നേട്ടം നില നിർത്തുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, എയർടെൽ, ഇൻഫോസിസ്, എസ്ബിഐ എന്നിവയാണ് തൊട്ടുപിന്നിലായുള്ളത്. 4 ലക്ഷം കോടി രൂപ ബ്രാൻഡ് മൂല്യമുള്ള ടിസിഎസ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16 ശതമാനം വർദ്ധനയാണ് കൈവരിച്ചത്. മൊത്തത്തിലുള്ള ബ്രാൻഡ് മൂല്യത്തിൻറെ 28 ശതമാനം സംഭാവന ചെയ്തതിരിക്കുന്നത് സാമ്പത്തിക സേവന ബ്രാൻഡുകൾ ആണ്.

38.3 ബില്യൺ ഡോളർ മൂല്യമുള്ള എച്ച്എഫ്ഡിസി ബാങ്ക് രണ്ടാമതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18 ബില്യൺ ഡോളറിൻറെ മൂല്യവുമായി അഞ്ചാമതുമാണ്. 15.6 ബില്യൺ ഡോളർ മൂല്യമുള്ള ഐസിഐസിഐ ബാങ്ക് ആറാം സ്ഥാനത്തും 11.5 ബില്യൺ ഡോളർ മൂല്യമുള്ള എൽഐസി പത്താം സ്ഥാനത്തുമുണ്ട്.

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ അതിവേഗത്തിലുള്ള വളർച്ച കൈവരിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ബ്രാൻഡ് മൂല്യം 3.5 ബില്യൺ ഡോളറായി ഇരട്ടിയാക്കി 31-ാം സ്ഥാനത്താണ് സൊമാറ്റോയുള്ളത്. വാഹന മേഖലയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് മാരുതി സുസുക്കിയാണ്. പട്ടികയിൽ 17-ാം സ്ഥാനത്താണ് കമ്പനിയുള്ളത്. ബജാജ് ഓട്ടോ 20-ാം സ്ഥാനത്തുണ്ട്. ബ്രാൻഡ് മൂല്യനിർണ്ണയത്തിൽ 78 ശതമാനം വളർച്ച നേടിയ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 30-ാം സ്ഥാനത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *