ഭാര്യമാതാവിനെ കൊലപ്പെടുത്തുകയായിരുന്നു ഉദ്ദേശം; വിദേശത്ത് പോയതിലുള്ള ദേക്ഷ്യം; ഭാര്യവീടിന് തീയിട്ട സംഭവത്തിൽ പ്രതി
തൊടുപുഴ: ഇടുക്കി പൈനാവിൽ ഭാര്യാമാതാവിന്റെയും ഭാര്യ സഹോദരന്റെയും വീടിന് യുവാവ് തീയിട്ട സംഭവത്തിൽ ഭാര്യമാതാവിനെ കൊലപ്പെടുത്തുകയായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് പൊലീസ്. പ്രതി സന്തോഷിന്റെ സമ്മതമില്ലാതെയാണ് ഭാര്യ പ്രിൻസിയെ വിദേശത്തേക്ക് അയച്ച്. വിദേശത്ത് എത്തിയ ശേഷം പ്രിൻസി വിവാഹമോചനം ആവശ്യപ്പെട്ടു. ഇതാണ് പ്രകോപന കാരണമായത്. ഭാര്യാമാതാവ് അന്നക്കുട്ടി വീട്ടിൽ ഉണ്ടാകുമെന്ന് കരുതിയാണ് സന്തോഷ് വീടിന് തീയിട്ടതെന്നും ഇടുക്കി എസ്‌പി ടികെ വിഷ്ണു പ്രദീപ് പറഞ്ഞു.
കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവരുടെ വീടുകൾക്കാണ് പുലർച്ചയോടെ തീയിട്ടത്. സംഭവം നടക്കവേ രണ്ടു വീട്ടിലും ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അന്നക്കുട്ടിയുടെ വീട് പൂർണമായും ലിൻസിന്റെ വീട് ഭാഗികമായും കത്തിനശിച്ചു. വഴിയിലൂടെ പോയ നാട്ടുകാരാണ് വീട് കത്തുന്നത് കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. അന്നക്കുട്ടിയുടെയും കൊച്ചുമകളുടെയും ദേഹത്ത് കഴിഞ്ഞ ദിവസം സന്തോഷ് പെട്രോളൊഴിച്ച് തീ കൊളുത്തിയിരുന്നു.
പ്രിൻസി ഇറ്റലിയിൽ നഴ്സാണ്. ജൂൺ അഞ്ചിന് ഭാര്യവീട്ടിലെത്തിയ സന്തോഷ് പ്രിൻസിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടു ബഹളം വച്ചിരുന്നു. തർക്കത്തിനൊടുവിൽ ഭാര്യാമാതാവിനെയും സഹോദരന്റെ മകളെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. അന്നക്കുട്ടിക്കു 30 ശതമാനവും കുഞ്ഞിനു 15 ശതമാനവും പൊള്ളലുണ്ട്.