പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; അർജുന് വേണ്ടിയുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു; നാളെ ‘ഐബോഡ്’ കൊണ്ടുവന്ന് തിരച്ചിൽ നടത്തും
ബെംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കാണാതായി എട്ടാം ദിവസം കഴിയുമ്പോഴും അർജുൻ കുറിച്ച് യാതൊരു വിവരവും ഇല്ല. ഇന്നത്തെ തിരച്ചിലിൽ നദിയിൽ നിന്നും ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. നാളെ ‘ഐബോഡ്’ സാങ്കേതിക സംവിധാനം ഉപയോഗിച്ച് തിരച്ചിൽ നടത്തുമെന്ന് റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ പറഞ്ഞു.
ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’. ഈ ഉപകരണം ഉപയോഗിച്ചായിരിക്കും നാളെ തെരച്ചിൽ നടത്തുകയെന്ന് റിട്ട. മേജർ ജനറൽ പറഞ്ഞു. അതേസമയം, അർജുനായുള്ള ഇന്നത്തെ തെരച്ചിൽ നിർത്തിയതായി അധികൃതർ അറിയിച്ചു.
ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പക്കൽ നിന്നാണ് ഈ ഉപകരണം വാടകയ്ക്ക് എടുക്കുന്നത്. വെള്ളത്തിലും മഞ്ഞിലും പർവതങ്ങളിലും തെരച്ചിൽ നടത്താൻ ഈ ഉപകരണം ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. ഈ ഉപകരണത്തിന്‍റെ നിരീക്ഷണപരിധി 2.4 കിലോമീറ്ററാണ്. റേഡിയോ ഫ്രീക്വൻസിയും എഐയും സംയോജിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. മണ്ണിൽ പുതഞ്ഞ് പോയ വസ്തുക്കൾ 20 മീറ്റർ ആഴത്തിലും, വെള്ളത്തിലും മഞ്ഞിലും 70 മീറ്റർ ആഴത്തിലും കണ്ടെത്താമെന്ന് ക്വിക് പേ കമ്പനി വ്യക്തമാക്കുന്നുണ്ട്.
അതിനിടെ, അർജുന് വേണ്ടി നല്ല രീതിയിൽ തെരെച്ചിൽ നടക്കുന്നുവെന്ന് അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു. തെരച്ചിലിൽ തൃപ്തരാണ്. അർജുനെ കിട്ടുന്ന വരെ തെരയണം. ഇവിടുന്നു പോയ സന്നദ്ധ പ്രവർത്തകരോട് നന്ദിയുണ്ട്. ഇപ്പോളത്തെ രീതിയിൽ തന്നെ തെരച്ചിൽ തുടരണമെന്നും അർജുന്റെ സഹോദരി മാധ്യമങ്ങളോട് പ്രതികരിച്ചു. സാധ്യമായ എല്ലാ യന്ത്രങ്ങളും തെരെച്ചിലിനു ഉപയോഗിക്കണമെന്നും രക്ഷാപ്രവർത്തനം ഇതുപോലെ തന്നെ മുന്നോട്ട് പോകണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം, ഷിരൂരിൽ മണ്ണിടിച്ചിലിൽ ഒലിച്ച് ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കർ ലോറി പൊട്ടിത്തെറിച്ചുവെന്ന വാർത്തകൾ തള്ളി കാർവാർ എസ്പി നാരായണ രംഗത്തെത്തി. സ്ഫോടനം ഉണ്ടായിട്ടില്ലെന്നും വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഒഴുകിപ്പോയ ടാങ്കറുകൾ പൊട്ടിത്തെറിച്ചില്ല. നദിയിൽ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളിൽ പൊള്ളലേറ്റ പാടുകളില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. തടി ലോറി കയറ്റി വന്ന ലോറിയുടെ ഡ്രൈവറായിരുന്നു അർജുൻ. ലോറിയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. റോഡിൽ മണ്ണിനടിയിൽ ലോറിയില്ലെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണ് ഒഴുകി വീണ സമീപത്തെ ഗംഗാവലി പുഴയിൽ റഡാർ സിഗ്നൽ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. നിലവിൽ രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തൽക്കാലം കരയിലേക്ക് കയറിയത്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് അടിയൊഴുക്ക് കാരണം വെള്ളത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നതാണ് തിരിച്ചടിയാകുന്നത്.