ഹെറോയിനും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി കൊച്ചിയില്‍ യുവതിയും യുവാവും അറസ്റ്റില്‍

 ഹെറോയിനും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി കൊച്ചിയില്‍ യുവതിയും യുവാവും അറസ്റ്റില്‍

കൊച്ചി: ഹെറോയിനും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി കൊച്ചിയില്‍ യുവതിയും യുവാവും അറസ്റ്റില്‍. അസം സ്വദേശിയായ യുവാവും ബംഗാള്‍ സ്വദേശിയായ യുവതിയുമാണ് എക്സൈസിന്‍റെ പിടിയിലായത്. നഗരത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് എക്സൈസ് പറയുന്നു. അസം സംസ്ഥാനത്തിലെ അബാഗന്‍ സ്വദേശി ബഹറുള്‍ ഇസ്ലാമും പശ്ചിമ ബംഗാള്‍ മാധവ്പൂര്‍ സ്വദേശിനി ടാനിയ പര്‍വീണുമാണ് പിടിയിലായത്.

ബഹറുളിന് 24 വയസും ടാനിയയ്ക്ക് പതിനെട്ടു വയസുമാണ് പ്രായം. ഇവരുടെ പക്കല്‍ നിന്ന് 33 ഗ്രാം ഹെറോയിനും 25 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ലഹരിക്കച്ചവടത്തിന് ഇടപാടുകാരെ ബന്ധപ്പെടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന സ്മാര്‍ട് ഫോണുകളും ലഹരി മരുന്ന് തൂക്കാന്‍ ഉപയോഗിക്കുന്ന ഡ‍ിജിറ്റല്‍ സ്കെയിലും പിടിച്ചെടുത്തിട്ടുണ്ട്. 19500 രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു.100 മില്ലിഗ്രാം വീതം ഹെറോയിന്‍ 200 ചെറിയ കുപ്പികളിലാക്കി പാക്ക് ചെയ്ത നിലയിലാണ് കണ്ടെടുത്തത്.

വില്‍പനയ്ക്കായി ഇത് സജ്ജമാക്കി വച്ചിരിക്കുകയായിരുന്നെന്നാണ് നിഗമനം. 100 മില്ലി ഗ്രാം ഹെറോയിന്‍ മൂവായിരം രൂപയ്ക്കാണ് വിറ്റിരുന്നത്. ഇരുവരില്‍ നിന്നുമായി പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിയില്‍ പത്തു ലക്ഷം രൂപ വിലവരും. ഉപഭോക്താക്കളുടെ ഇടയിൽ “ബംഗാളി ബീവി” എന്നറിയപ്പെടുന്ന ടാനിയ പർവ്വീൻ ഹെറോയിൻ അടങ്ങിയ പ്ലാസ്റ്റിക് ബോക്സുകൾ ശരീരത്തിൽ സെലോടേപ്പ് ഉപയോഗിച്ച് കെട്ടി വച്ചാണ് ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കടത്തിയിരുന്നത് എന്നും എക്സൈസ് കണ്ടെത്തി. ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇരുവരെയും എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *