കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ്‍ കൊലപ്പെടുത്തി; ബീനയെ കണ്ടെത്തിയത് രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ
കാസർകോട്: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ്‍ ഭാര്യയെ കൊലപ്പെടുത്തി. കാസർകോട് ജില്ലയിലെ അമ്പലത്തറയിലാണ് സംഭവം. കണ്ണോത്ത് സ്വദേശി ബീന(40)യാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ദാമോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഞായറാഴച രാവിലെ ബീനയെ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കത്തെ തുടർന്ന് ദാമോദരൻ ഭാര്യയെ കഴുത്തും ഞെരിച്ചും ഭിത്തിയിൽ തലയിടിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.
കൊലപാതകം നടത്തിയതിനുശേഷം ദാമോദരൻ, വിവരം ബന്ധുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നീട് ദാമോദരൻ അമ്പലത്തറ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇവർക്ക് 21 വയസ്സുള്ള മകനുണ്ട്. ഡൽഹിയിൽ മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുന്നു. സംഭവ സമയത്ത് മകൻ വീട്ടിൽ ഉണ്ടായിരുന്നില്ല.