ദീര്‍ഘദൂര കുതിരയോട്ട ചാമ്പ്യന്‍ഷിപ്പിൽ റെക്കോർഡ്; മലപ്പുറം സ്വദേശിനി നിദ അന്‍ജും ചേലാട്ട് വെറെ ലെവലാണ്
കൊച്ചി: ഫ്രാന്‍സിലെ മോണ്‍പാസിയറില്‍ നടന്ന ദീര്‍ഘദൂര കുതിരയോട്ട ചാമ്പ്യന്‍ഷിപ്പായ എഫ്ഇഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റ് സീനിയര്‍ വിഭാഗത്തില്‍ റിക്കാർഡോടെ വിജയം സ്വന്തമാക്കി മലപ്പുറം തിരൂര്‍ സ്വദേശിനി നിദ അന്‍ജും ചേലാട്ട്. 40 രാജ്യങ്ങളില്‍നിന്നുള്ള ഏറ്റവും മികച്ച 118 കുതിരയോട്ടക്കാരെ പിന്നിലാക്കിയാണ് മത്സരത്തില്‍ നിദ റിക്കാര്‍ഡ് സ്വന്തമാക്കിയത്.
12 വയസ് പ്രായമുള്ള പെട്രഡെല് റേ എന്ന പെണ്‍കുതിരയാണ് നിദയെ ചുമലിലേറ്റി 160 കിലോമീറ്റര്‍ 10 മണിക്കൂര്‍ 23 മിനിറ്റിൽ മത്സരം പൂര്‍ത്തിയാക്കിയത്. എല്ലാ നേട്ടങ്ങളും രാജ്യത്തിനുവേണ്ടി സമര്‍പ്പിക്കുന്നതായും മത്സരത്തിന് ശേഷം നിദ പറഞ്ഞു.ഈ വിഭാഗത്തില്‍ ഓട്ടം പൂര്‍ത്തീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റിക്കാര്‍ഡാണ് 22കാരിയായ നിദയുടെ പേരില്‍ കുറിച്ചത്.