ഷൂട്ടിങ്ങ് തിരക്കുകള്‍ക്ക് അവധി നൽകി ‘നാഷനൽ ക്രഷ്’; ഇറ്റലിയുടെ അതിസുന്ദര കാഴ്ചകൾ ആസ്വദിച്ച് രശ്‌മിക മന്ദാന
ഷൂട്ടിങ്ങ് തിരക്കുകള്‍ക്ക് അവധി നല്‍കി ഇറ്റലിയിൽ വെക്കേഷൻ അടിച്ചുപൊളിച്ച് രശ്‌മിക മന്ദാന. യാത്ര ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകർക്ക് പങ്കുവയ്ക്കാനും നാഷണൽ ക്രഷ് മറന്നില്ല. ഇറ്റലിയുടെ മനോഹാരിത ആസ്വദിക്കുന്നതും പുതിയ വിഭവങ്ങൾ ട്രൈ ചെയ്യുന്നതും ചിത്രങ്ങളിൽ കാണാൻ സാധിക്കും. മിക്ക സഞ്ചാരികളുടെയും ഡ്രീം ഡെസ്റ്റിനേഷനാണ് ഇറ്റലി.
പഴമയും പുതുമയുമൊന്നു ചേരുന്ന നിരവധി കാഴ്ചകൾ ഈ രാജ്യത്തേക്ക് സന്ദർശകരെ ആകർഷിക്കുന്നു. പ്രകൃതിയൊരുക്കിയിരിക്കുന്ന അതിസുന്ദര കാഴ്ചകളും കലാസാംസ്കാരിക പൈതൃകം വെളിപ്പെടുത്തുന്ന അനേകം നിർമിതികളും ഈ രാജ്യത്തു കാണുവാൻ കഴിയും.
ഇറ്റാലിയൻ നവോത്‌ഥാനത്തിന്റെ ജന്മസ്ഥലമെന്നു അറിയപ്പെടുന്നയിടമാണ് ടസ്കനി. ഫ്ലോറൻസ്, കാസ്റ്റിഗ്ലിയോൺ ഡെല്ല പെസ്കായ, പിസ, സാൻ ഗിമിഗ്നാനോ, ലൂക്ക, ഗ്രോസെറ്റോ, സിയീന എന്നിവയാണ് ഇവിടുത്തെ പ്രധാന നഗരങ്ങൾ. ടസ്കനിയിൽ ഏറ്റവുമധികം ആളുകൾ അധിവസിക്കുന്ന പ്രദേശമാണ് ഫ്ലോറെൻസ്. പത്തൊമ്പതാം നൂറ്റാണ്ടിൽ അഞ്ചു വർഷത്തോളം ഇറ്റലിയുടെ തലസ്ഥാനമായിരുന്നു ഈ നഗരം. ഇപ്പോളിത് ടസ്കനിയുടെയും ഫ്ലോറെൻസ് പ്രവിശ്യയുടേയും തലസ്ഥാനമാണ്. അർനോ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഫ്ലോറെൻസ് ”മധ്യകാലഘട്ടത്തിലെ ഏഥൻസ്” എന്ന പേരിലും അറിയപ്പെടുന്നു. 1982 ൽ ഇവിടുത്തെ ചരിത്ര കേന്ദ്രം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചു.
ലോകാദ്ഭുതങ്ങളിൽ ഒന്നായ പിസയിലെ ചരിഞ്ഞ ഗോപുരമാണ് ഇറ്റലിയിലെ മറ്റൊരു പ്രധാന കാഴ്ച. നിർമാണ പിഴവ് കൊണ്ട് ചരിഞ്ഞു പോയി എന്ന് കരുതപ്പെടുന്ന ഈ നിർമിതി ലോകത്തിലെ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ശക്തിയേറിയ നാല് ഭൂകമ്പങ്ങളെ അതിജീവിച്ച ഈ ഗോപുരം 1173 ലാണ് നിർമാണം ആരംഭിച്ചത്. ആഭ്യന്തര യുദ്ധങ്ങളെ തുടർന്ന് ഒരു നൂറ്റാണ്ടോളം നിർമാണം നിലച്ചു. 1272ൽ നിർമാണം പുനരാരംഭിച്ചു. ഏഴാമത്തെ നില 1372 ൽ പൂർത്തിയായി. മണിമേടയാണ് അവസാനമായി നിർമിച്ചത്. ഗോഥിക് ശൈലിയിൽ സപ്തസ്വരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് മണികളാണ് ഇവിടെ പ്രതിഷ്ഠിച്ചത്. പിസ നഗരത്തിൽ വേറെയുമുണ്ട് കാഴ്ചകൾ. ചരിത്രപരമായ പ്രാധാന്യം പേറുന്ന ദേവാലയങ്ങൾ, പാലങ്ങൾ, മധ്യകാല നിർമിതികളായ കൊട്ടാരങ്ങൾ, പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ സർവകലാശാല എന്നിവയും ഈ നഗരത്തിന്റെ പ്രൗഢമായ മുഖമാണ്.
ഇറ്റലിയുടെ വടക്കു കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നഗരമാണ് വെനീസ്. കനാലുകളുടെ നഗരമെന്നും ഇവിടം അറിയപ്പെടുന്നു. ചരിതപ്രാധ്യാന്യമുള്ള നിർമിതികൾ നഗരത്തിനു ക്യാൻവാസിൽ പകർത്തിയ ചിത്രത്തിനു സമാനമായ മുഖം നൽകും. 118 ചെറുദ്വീപുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി നാനൂറോളം പാലങ്ങൾ ഇവിടെയുണ്ട്. ഗൊണ്ടോല റൈഡ്, കനാലുകൾ, വിസ്മയിപ്പിക്കുന്ന നിർമാണ ചാതുര്യം വെളിപ്പെടുത്തുന്ന നിർമിതികൾ തുടങ്ങിയവയാണ് ഈ നഗരത്തിലെ പ്രധാന കാഴ്ചകൾ.
പഴമയും പുതുമയും ഒരുമിച്ചു ചേരുന്ന നഗരമാണ് മിലാൻ. ഗോഥിക് നിർമാണ ശൈലിയിൽ 600 വർഷങ്ങൾ കൊണ്ട് പണിപൂർത്തീകരിച്ച മിലാൻ ദേവാലയമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഫാഷൻറെയും ഡിസൈന്റെയും തലസ്ഥാനമെന്നാണ് ഈ നഗരം അറിയപ്പെടുന്നത്. ചരിത്രപ്രാധാന്യമുള്ള നിരവധി നിർമിതികൾ മിലാനിലെത്തുന്ന സന്ദർശകർക്ക് കാണുവാൻ കഴിയും. മോണുമെന്റൽ സെമിട്രി, സാൻ സിറോ, റോയൽ പാലസ്, യൂണിക്രെഡിറ്റ് ടവർ തുടങ്ങിയവയാണ് ഇവിടെയെത്തുന്ന അതിഥികളെ സ്വാഗതം ചെയ്യുക.
ഇറ്റലിയുടെ തലസ്ഥാനവും ഏറെ പ്രാധാന്യമുള്ളതുമായ നഗരമാണ് റോം. ചരിത്രവും സംസ്കാരവും ഇത്രയധികം ഇഴപിരിഞ്ഞു കിടക്കുന്ന മറ്റൊരു നഗരം ലോകത്തില്ല എന്നുതന്നെ പറയാം. 2500 വർഷം നീളുന്ന വളരെ സമ്പന്നമായ പൈതൃകമുള്ളതു കൊണ്ടുതന്നെ അനശ്വരമായ നഗരം എന്നൊരു പേര് കൂടിയിതിനുണ്ട്. കൊളോസിയവും റോമൻ ഫോറവുമെല്ലാം നഗരത്തിന്റെ നീണ്ടകാലത്തിന്റെ ശേഷിപ്പുകളാണ്. പിയാസ നവോന, ക്യാപിറ്റോലൈൻ മ്യൂസിയം, ബോർഗീസ് ഗാലറിയും മ്യൂസിയവും, ട്രെവി ഫൗണ്ടൈൻ, പന്തേൺ, സിസ്റ്റൈൻ ചാപ്പൽ തുടങ്ങിയവയാണ് റോമിലെത്തുന്നവരെ കാത്തിരിക്കുന്നത്.
ഇറ്റലിയിലെ മറ്റുനഗരങ്ങളെ പോലെ തന്നെ ധാരാളം കാഴ്ചകളുമായി അതിഥികളെ സ്വീകരിക്കുന്നയിടമാണ് നേപ്പിൾസ്. സജീവമായ തെരുവുകളും അതിസുന്ദരമായ നിർമിതികളും രുചികരമായ ഭക്ഷണവും വിളമ്പുന്ന നാട് എന്ന് നേപ്പിൾസിനെ വിശേഷിപ്പിക്കാം. മനോഹരമായ മലനിരകളും പ്രകൃതിയുമൊക്കെ ഈ നഗരത്തിന്റെ ശോഭ വർധിപ്പിക്കുന്നു. നാഷണൽ ആർക്കിയോളജിക്കൽ മ്യൂസിയം, ഗലേറിയ ബോർബോണിക, സൺസെവെരോ ചാപ്പൽ മ്യൂസിയം, കറ്റകോംബ്സ് ഓഫ് ഗെന്നാരോ, സാൻ കാർലോ തിയേറ്റർ, റോയൽ പാലസ് എന്നിങ്ങനെ കാഴ്ചകൾ നിരവധിയുണ്ട് നേപ്പിൾസിലും.