കൈയക്ഷരം നോക്കി വ്യക്തിത്വം പറയാനാകുമോ?ഫലങ്ങൾ ഇങ്ങനെ…

 കൈയക്ഷരം നോക്കി വ്യക്തിത്വം പറയാനാകുമോ?ഫലങ്ങൾ ഇങ്ങനെ…

ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ നിർവചിക്കാൻ ഉപയോ​ഗിക്കുന്ന മാനദണ്ഡങ്ങളാണ് അവരുടെ സംസാരവും മറ്റുള്ളവർക്ക് മുന്നിൽ എങ്ങനെ എത്തുന്നു എന്നതുമെല്ലാം. എന്നാൽ അക്കൂട്ടത്തിൽ ആരും ശ്രദ്ധക്കാതെ പോകുന്ന കാര്യമാണ് കൈയ്യക്ഷരം. കൈയ്യക്ഷരം നോക്കി ഒരാളുടെ സ്വഭാവം അറിയാൻ കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

ഒരാളുടെ വ്യക്തിത്വം കൃത്യമായി കൈയ്യക്ഷരം നോക്കി പറയാനാകുമെന്നതാണ് വാസ്തവം. ഇത്തരത്തിൽ കൈയ്യക്ഷരം നോക്കി ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കുന്ന പഠന രീതിക്ക് ഗ്രാഫോളജി എന്നാണ് പറയുന്നത്. ഗ്രാഫോളജി പ്രകാരം എഴുത്തിന്റെ രീതി, അക്ഷരങ്ങളുടെ ഘടന, വാക്കുകൾക്കും വരികൾക്കും ഇടയിലെ അകലം എന്നിവയെല്ലാം വിശകലനം ചെയ്ത് ഒരു വ്യക്തിയുടെ മാനസികാവസ്ഥയും ഒരു പ്രത്യേക കാര്യത്തോടോ തൊഴിൽ മേഖലയോടോ ഉള്ള താൽപര്യവുമൊക്കെ മനസ്സിലാക്കാൻ സാധിക്കും.

ചെറിയ അക്ഷരങ്ങളാക്കി എഴുതുന്നത്

തീരെ ചെറിയ കൈയക്ഷരം ഒരു വ്യക്തിയുടെ കലാവാസനയെയാണ് സൂചിപ്പിക്കുന്നത്. ചെയ്യുന്ന എന്ത് കാര്യവും ആഴത്തിൽ വിശകലനം ചെയ്യുന്നവരാവും ഇവർ. ഒരു മേഖലയിൽ ഉറച്ചുനിൽക്കാൻ ഇക്കൂട്ടർക്ക് സാധിക്കും. സമയവും ഊർജ്ജവും നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലേക്ക് കൃത്യമായി സഞ്ചരിക്കുന്നവരാണ് ഇവർ.

ഇടത്തരം വലുപ്പമുള്ള അക്ഷരങ്ങൾ

അധികം വലുതോ ചെറുതോ അല്ലാതെ ഇടത്തരം വലിപ്പത്തിലുള്ള കൈയ്യക്ഷരം മാനസികാരോഗ്യം ഉള്ളതിന്റെ ലക്ഷണമാണ്. സേവനമേഖലയെക്കാൾ ബിസിനസ് രംഗം ഇവർക്ക് ഏറെ അനുയോജ്യമായിരിക്കും. അധികം വിദ്യാഭ്യാസം നേടിയില്ലെങ്കിൽ പോലും കാര്യങ്ങൾ വേഗത്തിലും കൃത്യമായും ഗ്രഹിക്കാനുള്ള പ്രത്യേക കഴിവും ഇവർക്കുണ്ട്.

വലിയ അക്ഷരങ്ങൾ

വലുപ്പമുള്ള കൈയക്ഷരമുള്ളവർ ഊർജസ്വലരായിരിക്കും. വിശാലമനസ്ഥിതിയും സ്വാശ്രയത്വവുമാണ് ഇവരുടെ മുഖമുദ്ര. മറ്റുള്ളവരെ വേഗത്തിൽ സ്വാധീനിക്കാനുള്ള കഴിവും ഇവർക്കുണ്ട്. സംസാര പ്രിയരായ ഇവർക്ക് ഏതു കാര്യത്തിലും വളരെ വേഗത്തിൽ വിജയം കൈവരിക്കാനും സാധിക്കും.

എല്ലാ അക്ഷരങ്ങളും ഒരേ വലുപ്പത്തിൽ എഴുതുന്നവർ

ഒരു വാക്കിലെ എല്ലാ അക്ഷരങ്ങളും അണുവിട തെറ്റാതെ ഒരേ വലുപ്പത്തിൽ എഴുതാൻ സാധിക്കുന്നത് അടുക്കും ചിട്ടയുമുള്ള മനസ്ഥിതിയുടെ ലക്ഷണമാണ്. കാര്യങ്ങൾ ക്രമത്തോടെ ഗ്രഹിക്കാനും അലങ്കോലമാകാതെ ശ്രദ്ധിക്കാനും ഇവർക്ക് കഴിവുണ്ടാവും.

നേർരേഖയിൽ എഴുതുന്നത്

വാക്യങ്ങൾ കൃത്യമായി നേർരേഖയിൽ എഴുതാൻ കഴിയുന്നത് മനശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ്. ഒരു കാര്യത്തിൽ നിന്നും ഇത്തരക്കാരെ പെട്ടെന്ന് പിന്തിരിപ്പിക്കാൻ സാധിക്കില്ല. എന്നാൽ അത്ര കൃത്യമല്ലാതെയാണ് എഴുത്തെങ്കിൽ അത്തരക്കാർക്ക് ഒന്നിലധികം മേഖലകളിൽ പ്രാവീണ്യമുണ്ടെന്ന് കരുതാം.

മുകളിലേക്ക് ചരിയുന്ന വരികൾ

ഒരു പേജിന്റെ അവസാനത്തോട് അടുക്കുന്ന സമയത്ത് എഴുതുന്ന വാക്യങ്ങൾ മുകളിലേക്ക് വളഞ്ഞു പോവുകയാണെങ്കിൽ ഉറച്ച വ്യക്തിത്വത്തിന്റെ പ്രതീകമാണത്. ഏതു പ്രതികൂല സാഹചര്യത്തെയും സധൈര്യം നേരിടാനുള്ള കഴിവ് ഇവർക്കുണ്ട്.

എഴുത്ത് താഴേക്ക് ചരിഞ്ഞാൽ

നേരെമറിച്ച് പേജിന്റെ അവസാന ഭാഗം എത്തുമ്പോൾ വരികൾ താഴേക്ക് വളയുകയാണെങ്കിൽ അത്തരക്കാർ ഏതുകാര്യത്തിലും വിഷമിക്കുന്ന മനസ്ഥിതിക്കാരായിരിക്കും. ഇവർക്ക് മനോബലം നന്നേ കുറവായിരിക്കും. നിസ്സാര കാര്യങ്ങൾക്ക് പോലും മാനസിക സമ്മർദ്ദം അനുഭവിക്കുകയും ചെയ്യും.

വാക്കുകൾ അടുത്തടുത്തു വന്നാൽ

വാക്കുകൾക്കിടയിൽ വേണ്ടത്ര അകലം ഇടാത്തത് ആശങ്കകൾ നിറഞ്ഞ മനോനിലയുടെ പ്രതിഫലനമാണ്. ഒട്ടേറെ ചിന്തകൾ ഇത്തരക്കാരുടെ മനസ്സിൽ കുമിഞ്ഞു കൂടുന്നുണ്ടാവും.

ആവശ്യത്തിന് അകലത്തിൽ വാക്കുകൾ എഴുതുന്നത്

ഒരു കാര്യത്തിലും അനാവശ്യ ധൃതി കാണിക്കാത്തവരായിരിക്കും ഇക്കൂട്ടർ. വ്യക്തമായ ചിന്താഗതികളാണ് ഇവരുടെ പ്രത്യേകത. ചെയ്യുന്ന കാര്യങ്ങളിൽ കൃത്യതയും ഉണ്ടാവും. മറ്റുള്ളവരുമായി മര്യാദയോടെ ഇടപഴകാനും എല്ലാ കാര്യങ്ങളിലും സന്തുലനം നിലനിർത്താനും ഇവർക്ക് കഴിവുണ്ട്.

ആവശ്യത്തിലധികം അകലം

ലോകത്തിലെ പ്രശസ്തരായ പലരുടെയും കൈയക്ഷരത്തിൽ ആവശ്യത്തിലധികം അകലമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ബുദ്ധിശക്തിയുടെയും ഏതുകാര്യത്തിലും ശ്രദ്ധ ചെലുത്തുന്നതിന്റെയും ലക്ഷണമാണ് ഇത്തരത്തിലുള്ള കൈയക്ഷരം. ആകർഷണീയമായ ഉറച്ച വ്യക്തിത്വവും ഇവർക്കുണ്ടാവും.

ഉരുണ്ട കൈയക്ഷരം

കാഴ്ചയിൽ ഭംഗിയുണ്ടെങ്കിലും ഉരുണ്ട ആകൃതിയിലുള്ള കൈയക്ഷരമുള്ളവർ പൊതുവേ അലസന്മാരായിരിക്കും. കഠിനാധ്വാനം ചെയ്യാൻ ഇവർ മടിക്കും. അലസതയോടെ ഇരിക്കുമ്പോഴും താൻ തിരക്കിലാണെന്ന് സ്വയം കരുതുകയും ചെയ്യും. എന്നാൽ പൊതുവേ സമാധാനപ്രിയരായ ഇവർ ജീവിതത്തിൽ മികച്ചവ കണ്ടെത്തുന്നതിന് വേണ്ടി എപ്പോഴും ശ്രമിക്കുന്നു.

ചതുരാകൃതിയിലുള്ള എഴുത്ത്

കഠിനാധ്വാനത്തിന്റെയും പ്രായോഗികതയുടെയും അടയാളമാണ് ഇത്തരത്തിലുള്ള കൈയക്ഷരം. ഇത്തരക്കാർ പൊതുവേ അന്തർമുഖർ ആയിരിക്കും. എപ്പോഴും ജോലിയിൽ മുഴുകി ഇരിക്കുന്നതിനാൽ തിരക്കിട്ട ജീവിതമായിരിക്കും ഇവരുടേത്.

Leave a Reply

Your email address will not be published. Required fields are marked *