അടുത്ത ലക്ഷ്യം ഹാഷിം സഫൈദീൻ? ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ
ബയ്റുട്ട്: ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നടപടി ശക്തമാക്കി ഇസ്രയേൽ. ബെയ്റൂട്ടിലുള്ള ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് ശക്തമായ വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്. ഹിസ്ബുള്ളയുടെ മുതിർന്ന നേതാവ് ഹാഷിം സഫൈദീനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെ പിൻഗാമിയാകുമെന്ന് പറയപ്പെടുന്നയാളാണ് ഹാഷിം സഫൈദീൻ.
ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്തെ ബങ്കറിനുള്ളിലാണ് സഫൈദീൻ എന്ന വിവരം ലഭിച്ചതോടെയാണ് ആക്രമണം നടന്നതെന്നാണ് സൂചന. ഇസ്രയേൽ വ്യോമാക്രമണത്തിലാണ് നസ്രള്ളയും കൊല്ലപ്പെട്ടത്. പിന്നാലെയാണ് നസ്രള്ളയുടെ പിൻഗാമിയേയും ഇസ്രയേൽ ലക്ഷ്യംവെക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നിർദേശിച്ചിട്ടുണ്ട്.
അതിനിടെ ഇസ്രയേൽ സൈനിക ഉപകരണങ്ങൾ നിർമിക്കുന്ന ഫാക്ടറികളുള്ള പ്രദേശങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നാണ് ഹിസ്ബുള്ള അവകാശപ്പെടുന്നത്. അതിനിടെ ലെബനനിലെ കരയുദ്ധം കൂടുതൽ വ്യാപിപ്പിക്കാൻ ഇസ്രയേൽ ഒരുങ്ങുന്നുവെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. തെക്കൻ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം വ്യാഴാഴ്ച നിർദേശിച്ചതോടെയാണ് ആശങ്ക ശക്തമായത്.
തെക്കൻ ലെബനനിൽ വ്യാഴാഴ്ച 15 ഹിസ്ബുള്ള അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ബിന്ത ജെബീലിലെ മുനിസിപ്പൽ കെട്ടിടത്തിനുനേരേയുണ്ടായ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. അതിനിടെ, മൂന്നുമാസംമുൻപ് നടത്തിയ ആക്രമണത്തിലൂടെ ഗാസയിലെ ഹമാസ് സർക്കാരിന്റെ തലവൻ റാഹ്വി മുഷ്താഹയെയും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരായ സമേഹ് അൽ സിറാജ്, സമി ഔദേഹ് എന്നിവരെയും വധിച്ചെന്ന് ഇസ്രയേൽ സൈന്യം വ്യാഴാഴ്ച അവകാശപ്പെട്ടു. വടക്കൻ ഗാസയിലെ ഭൂഗർഭ അറയിൽ ഒളിച്ചുകഴിയുമ്പോഴാണ് ഇവരെ ഇല്ലാതാക്കിയതെന്നാണ് അവർ പറയുന്നത്. ഹമാസിന്റെ രാഷ്ട്രീയകാര്യ തലവൻ യഹ്യ സിൻവറുമായി ഏറ്റവും അടുപ്പമുള്ളയാളാണ് മുഷ്താഹ. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളാണിത്.
അതിനിടെ, പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്സ് ഇറാൻ, ഇറാഖ്, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തി.