കലിയടങ്ങാതെ ഹെല​ൻ; ചരിത്രത്തിലാദ്യമായി അറ്റലാ​ന്റയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്

 കലിയടങ്ങാതെ ഹെല​ൻ; ചരിത്രത്തിലാദ്യമായി അറ്റലാ​ന്റയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്

അറ്റ്ലാന്റ: ഹെലൻ ചുഴലിക്കാറ്റ് മൂലം ചരിത്രത്തിലാദ്യമായി ജോർജിയയിലെ അറ്റലാ​ന്റയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്. ഫ്ലോറിഡയിൽ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയതിനു ശേഷം ഹെലൻ ചുഴലിക്കാറ്റ് 500 കിലോമീറ്ററിലധികം സഞ്ചരിച്ച് അറ്റ്ലാന്റയിലേക്കെത്തി. കനത്ത കാറ്റിന് സാധ്യതയുണ്ടെന്നും ജാ​ഗ്രതയോടെയിരിക്കണമെന്നും ആദ്യം മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് മുന്നറിയിപ്പുകൾ പിൻവലിച്ചു. എങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മലയാളികൾ താമസിക്കുന്ന സ്ഥലങ്ങൾ സുരക്ഷിതമാണെന്നാണ് ലഭിക്കുന്ന വിവരം.

യുഎസിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നായ ഹെലൻ ഫ്ലോറിഡയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. അതിനു ശേഷമാണ് അത് ജോർജിയയിലേക്കെത്തിയത്. കനത്ത മഴയിലും കാറ്റിലും ഇതുവരെ നാലു പേർ കൊല്ലപ്പെട്ടതായാണ് വാർത്താ ഏജൻസികൾ റിപ്പോർ‌ട്ട് ചെയ്യുന്നത്. മുപ്പതു ലക്ഷത്തോളം വീടുകളിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടു.

കഴിഞ്ഞ മൂന്നു ദിവസമായി ജോർജിയയിലെ അറ്റ്ലാന്റയിൽ കനത്ത മഴയാണ്. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി റോഡുകളിലും വീടുകൾ ഉൾ‌പ്പെടെയുള്ള കെട്ടിടങ്ങളിലും വെള്ളം കയറി. പലയിടത്തും ആളുകളും വളർത്തുമൃഗങ്ങളുമടക്കം കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരങ്ങൾ‍‌ വീണു ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മഴക്കെടുതിയിൽ കുടുങ്ങിയ മുപ്പതോളം പേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വെള്ളം കയറാനിടയുള്ള പ്രദേശങ്ങളിൽനിന്ന് നിരവധിപ്പേരെ മാറ്റിപ്പാർപ്പിച്ചു. അതേസമയം വിമാന സർവീസുകൾ മുടങ്ങിയിട്ടില്ലെന്നാണ് വിവരം.

പീച്ച്ട്രീ ക്രീക്ക് എന്ന സ്ഥലത്താണ് വീടുകളിൽ വെള്ളം കയറി, കാറുകൾ വെള്ളത്തിനടിയിൽ മുങ്ങി. മരങ്ങൾ‌ കടപുഴകിവീഴുകയും വൈദ്യുതിബന്ധം തടസ്സപ്പെടുകയും ചെയ്തു. കൂടുതൽ നാശനഷ്ടങ്ങളുണ്ടായ ഇവിടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ യാത്രകൾ ഒഴിവാക്കണമെന്നും വാഹനങ്ങൾ പുറത്തിറക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മരങ്ങളുടെയോ വൈദ്യുതി ലൈനുകളുടെയോ താഴെ നിൽക്കരുതെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *