ശക്തമായ മഴ; ഇടുക്കി ജില്ലയിൽ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം
തൊടുപുഴ: ഇടുക്കി ജില്ലയിൽ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ രാത്രി ഏഴു മുതൽ രാവിലെ ആറു മണി വരെയാണ് നിരോധനം. മഴ മുന്നറിയിപ്പുകൾ പിൻവലിക്കുംവരെയാണ് രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
വിനോദസഞ്ചാര മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി. ട്രക്കിങ്ങ്, ഓഫ് റോഡ് യാത്രകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴ പെയ്യുമെന്നാണു പ്രവചനം. തീവ്രമഴയ്ക്കു സാധ്യത ഉള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഈ 2 ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. അതിതീവ്ര മഴയില്‍ മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും നഗരപ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.