കടംവാങ്ങിയോ വസ്തു വിറ്റോ അപ്പൻ എന്നെ ചികിത്സിക്കാമോ? അന്ത്യയാത്രയ്ക്കുള്ള വസ്ത്രം വരെ പറഞ്ഞുറപ്പിച്ച സ്നേഹ സൈബർ ലോകത്ത് നൊമ്പരമാകുന്നു…

 കടംവാങ്ങിയോ വസ്തു വിറ്റോ അപ്പൻ എന്നെ ചികിത്സിക്കാമോ? അന്ത്യയാത്രയ്ക്കുള്ള വസ്ത്രം വരെ പറഞ്ഞുറപ്പിച്ച സ്നേഹ സൈബർ ലോകത്ത് നൊമ്പരമാകുന്നു…

പത്തനംതിട്ട: രണ്ടുതവണ മജ്ജ മാറ്റിവച്ചിട്ടും വിധി തട്ടിയെടുത്ത ഇരുപത്താറുകാരിയെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ നെറ്റിസൺസിന്റെ കണ്ണുനനയിക്കുന്നത്. പത്തനംതിട്ട ഊന്നുകൽ സ്വദേശിനി സ്നേഹ അന്ന ജോസ് എന്ന യുവതിയാണ് കാൻസറിന് കീഴടങ്ങി അകാലത്തിൽ മരിച്ചത്. മരണം ഉറപ്പായതോടെ തന്റെ അന്ത്യയാത്ര എങ്ങനെയാകണം എന്നതുൾപ്പെടെ ബന്ധുക്കളോട് പറഞ്ഞുറപ്പിച്ച് പുഞ്ചിരിയോടെ സ്നേഹ മരണത്തിന് കീഴടങ്ങുകയായിരുന്നു. തന്റെ മരണവാർത്തയ്ക്കൊപ്പം നൽകേണ്ട ഫോട്ടോ ഏതായിരിക്കണം എന്നതുൾപ്പെടെ സ്നേഹ പറഞ്ഞിരുന്നെന്ന് ബന്ധു ഷാജി കെ മാത്തൻറെ കുറിപ്പിൽ പറയുന്നു.

കാൻസർ ബാധിച്ചാണ് സ്നേഹ അന്ന ജോസ് മരിച്ചത്. നിറഞ്ഞ ചിരിയോടെയാണ് സ്നേഹ അസുഖത്തെ നേരിട്ടത്. പലപ്പോഴും രോഗത്തെക്കുറിച്ച് ഗൂഗിളിൽ പരതും. ചികിൽസാരീതികളും അതിനുള്ള മരുന്നുകളും മനസിലാക്കും. അതേക്കുറിച്ച് അപ്പനോട് സംസാരിക്കും. വസ്തു വിറ്റോ കടംവാങ്ങിയോ ഈ ചികിൽസകൾ നടത്തണം. രോഗം മാറി ജോലിയിൽ കയറിയാൽ കടങ്ങളെല്ലാം വീട്ടാമെന്നും അപ്പനോട് പറഞ്ഞിരുന്നു. രണ്ടു തവണ മജ്ജ മാറ്റിവച്ചെങ്കിലും രോ​ഗം പിന്നെയും എത്തുകയായിരുന്നു.

ഇനിയില്ലെന്ന് തിരിച്ചറിഞ്ഞ അവസാന കാലത്ത്, മരിച്ചാൽ പത്രത്തിൽ കൊടുക്കേണ്ട ഫോട്ടോയും ഫ്ലക്സ് വെക്കുകയാണങ്കിൽ കൊടുക്കേണ്ട ഫോട്ടോയുമെല്ലാം സ്നേഹ പറഞ്ഞുവെച്ചു. പുതിയ സെറ്റ് ഉടുപ്പിക്കണമെന്നും ചുറ്റും റോസാ പൂക്കൾ വേണമെന്നും അവൾ ആവശ്യപ്പെട്ടു. ‘ഇനി ചെയ്തു തീർക്കുവാൻ നിൻറെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം’ എന്ന് പറഞ്ഞാണ് ഷാജി മാത്തൻ കുറിപ്പ് അവസാനിപ്പിച്ചത്.

ഷാജി മാത്തന്റെ കുറിപ്പിൻറെ പൂർണരൂപം

ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കുവാൻ…
ഇത് എൻ്റെ സ്നേഹമോൾ..
എൻ്റെ സഹോദരി ഷീജയുടെ
ഒരേയൊരു മകൾ..
സ്നേഹയെന്ന പേരു തിരഞ്ഞെടുത്തത് ഞാനായിരുന്നു.
പേരുപോലെ തന്നെ സ്നേഹവും, അച്ചടക്കവും, വിനയവുമുള്ളവൾ.
പത്താംതരം വരെ പഠനത്തിൽ മെല്ലെപ്പോക്ക്.
പിന്നീടവൾ സ്വപ്നം കാണുവാൻ തുടങ്ങി..
11, 12 ൽ മികച്ച മാർക്കുകൾ,
എഞ്ചിനിയറിങ്ങ് അവസാന വർഷമെത്തുമ്പോൾ അസുഖബാധിതയായിട്ടും 90% ലധികം മാർക്ക് .
അവളെ പിടികൂടിയ അസുഖം ചെറുതല്ല ന്നറിഞ്ഞിട്ടും അവൾ പുഞ്ചിരിച്ചു.
ഗൂഗിളിൽ കയറി മരുന്നുകളും, ചികിത്സകളും മനസിലാക്കി അപ്പനോട് പറഞ്ഞു വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ ..
ജോലി കിട്ടുമ്പോൾ ഞാൻ വീട്ടാം.
അങ്ങനെ മജ്ജ മാറ്റിവെച്ചു…
ശേഷം അവൾ സ്വപ്നം കണ്ട ചെറിയ ജോലിയിൽ കയറി .
ചെറുചിരികളുമായി സന്തോഷം പങ്കിട്ടു പോന്നപ്പോൾ
രണ്ടര വർഷത്തിനു ശേഷം അവളെ തേടി വീണ്ടുമതെ അസുഖമെത്തി…
ചില ക്യാൻസറങ്ങനെയാണ്.
രണ്ടാമതും മജ്ജ മാറ്റിവെച്ചു..
അവൾക്കായി എല്ലാ ചികിത്സകളും ചെയ്തു
ഇന്നിപ്പോൾ എല്ലാം വിഫലം..
ഇനിയും കുറച്ച് ആഗ്രഹങ്ങൾ ബാക്കിയുണ്ട്.
പത്രത്തിൽ കൊടുക്കേണ്ടതായ ഫോട്ടോ ഇതായിരിക്കണം..
ഫ്ലക്സ് വെക്കുകയാണങ്കിൽ ഈ ഫോട്ടോ തന്നെ വേണം..
പുതിയ സെറ്റ് ഉടുപ്പിക്കണം..
ചുറ്റും റോസാ പൂക്കൾ വേണം..
ഇനി ഞങ്ങൾക്ക് ചെയ്തു തീർക്കുവാൻ നിൻ്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം..
ധാരാളം മെസേജുകളും, വിളികളും വരുന്നതിനാൽ
വ്യക്തമായ ഒരു പോസ്റ്റിടുകയാണ്…
ഫോണെടുക്കുവാൻ പലപ്പോഴും കഴിയാറില്ല…
ക്ഷമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *