ദളപതി 69 ൽ മഞ്ജു വാര്യരും, സൂചന നൽകി താരം
ദളപതി 69 നായുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകർ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർക്കിടയിൽ വൻ ഹൈപ്പും നേടിയിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യരും ചിത്രത്തിലുണ്ടാകുമെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയ നിറയെ.
ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ എച്ച് വിനോദുമായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് മഞ്ജു വാര്യർ സൂചന നൽകിയതിന് പിന്നാലെയാണ് ദളപതി 69 ൽ താരമുണ്ടാകുമെന്ന തരത്തിൽ ഊഹാപോഹങ്ങൾ ഉയർന്നത്. എച്ച് വിനോദ് സംവിധാനം ചെയ്ത് അജിത് നായകനായെത്തിയ തുനിവ് എന്ന ചിത്രത്തിൽ മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
അഭിമുഖത്തില്‍ എച്ച് വിനോദിനൊപ്പമുള്ള അനുഭവങ്ങള്‍ മഞ്ജു വാര്യർ പങ്കുവെച്ചിരുന്നു. വിനോദിന്‍റെ തിരക്കഥാ രചനയെയും മഞ്ജു പ്രശംസിച്ചിരുന്നു. തുനിവിന്റെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് വിനോദ് പറഞ്ഞ ചില കാര്യങ്ങളും മഞ്ജു അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. അടുത്ത പ്രൊജക്ടിൽ കൂടുതൽ പെർഫോമൻസുള്ള ഒരു കഥാപാത്രം നൽകാമെന്ന് എച്ച് വിനോദ് തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു മഞ്ജു പറഞ്ഞത്.