കോടതി വിധിയില്‍ സന്തോഷം; മകള്‍ക്ക് നീതി ലഭിച്ചു, എത്രയും വേഗം ശിക്ഷ നടപ്പാക്കണം; ജിഷയുടെ മാതാവ്
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത് പ്രതീക്ഷിച്ച വിധിയാണ്. മകള്‍ക്ക് നീതി ലഭിച്ചു. എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നും ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതെന്നും ജിഷയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്കിയ അപ്പീലിലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, എസ് മനു എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.
പ്രതിയുടെ അപ്പീലിലും സര്‍ക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷന് ബഞ്ച് വിശദമായി വാദം കേട്ടിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായതിനാല്‍ പ്രതി വധശിക്ഷയ്ക്ക് അര്‍ഹനാണെന്ന് സര്‍ക്കാര്‍ വാദിച്ചു. ദൃക്സാക്ഷികളില്ലാത്ത സംഭവത്തില്‍ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്