ഗുരുവായൂരമ്പലം അല്ല, ഷൂട്ടിങ് സെറ്റ്; രസകരമായ വീഡിയോയുമായി സംവിധായകൻ
വിപിൻ ദാസ് സംവിധാനം ചെയ്ത് തിയേറ്ററിൽ വിജയകരമായ പ്രദർശനം തുടരുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ.’ പൃഥ്വിരാജ്, ബേസിൽ ജോസഫ് തുടങ്ങിയ വൺ താരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിനായി സെറ്റിട്ട ഗുരുവായൂർ അമ്പല നടയിൽ നിന്നുള്ള ഒരു രസകരമായ വീഡിയോ പങ്കിട്ടിരിക്കുകയാണ് സംവിധായകൻ.
യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന സെറ്റിൽ പ്രാർത്ഥിച്ചു മടങ്ങുന്ന സ്ത്രീയുടെ വീഡിയോയാണ് വിപിൻ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നിരവധി ആളുകൾ സെറ്റിൽ പ്രാർത്ഥിക്കാറുണ്ടെന്ന് നടൻ സിജു സണ്ണി അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിലൊരു വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകൻ.
ഈ മാസം 16ന് തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിൻ്റെ പേരു സൂചിപ്പിക്കുന്നത് പോലെ ഗുരുവായൂർ നടയ്ക്ക് ഏറെ പ്രാധാന്യം ചിത്രത്തിൽ നൽകിയിട്ടുണ്ട്. സിനിമയിലെ തിരക്കേറിയ ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരിച്ചതായി പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ അമ്പലം സെറ്റാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
രണ്ടു അളിയന്മാരുടെ സ്നേഹബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ബേസിലിനൊപ്പം പൃഥിരാജ് കൂടി ചേരുമ്പോൾ, ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് ചിരിവിരുന്നൊരുക്കുന്ന ചിത്രം.
‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. നിഖില വിമൽ, അനശ്വര രാജൻ നായികമാർ. തമിഴ് നടൻ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുപ്രിയ മേനോൻ, ഐഫോർ എൻ്റർടെയ്ൻമെൻ്റിൻറെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം നീരജ് രവി, എഡിറ്റർ ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ എന്നിവർ നിർവ്വഹിക്കുന്നു.