ബെംഗളൂരുവിൽ നൈറ്റ് ലൈഫിന് പ്രത്സാഹനം; ബാറുകളുടെയും ക്ലബ്ബുകളുടെയും പ്രവർത്തന സമയം നീട്ടി
ബെംഗളൂരു ചങ്കുകൾക്കിതാ സന്തോഷ വാർത്ത. ബെംഗളൂരുവില്‍ ബാറുകളും പബ്ബുകളും ഒരു മണിവരെ പ്രവർത്തിപ്പിക്കാൻ കർണാടക സര്‍ക്കാര്‍ അനുമതി നൽകി. നഗരത്തിലെ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മുൻപ് 10, 11 മണിവരെ പ്രവര്‍ത്തിക്കാനുള്ള അനുമതിയേ സർക്കാർ നൽകിയുരുന്നുള്ളു അതിനാണ് ഇപ്പോൾ മാറ്റം ഉണ്ടായിരിക്കുന്നത്.
ഹോട്ടലുകള്‍ക്കും ലൈസന്‍സുള്ള മറ്റ് കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സമയം വരെ പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.പുതിയ ഉത്തരവ് അനുസരിച്ച് ബാറുകള്‍ക്ക് ഇപ്പോള്‍ രാവിലെ 10 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ തുറക്കാം. ക്ലബ്ബുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകള്‍ക്കുംലോഡ്ജുകള്‍ക്കും 1 മണി വരെ പ്രവര്‍ത്തിക്കാം.
നേരത്തെ നിയമസഭയിലെ ബജറ്റ് സെഷനില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ സമയമാറ്റം ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന് അധികവരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. തീരുമാനത്തെ നഗരത്തിലെ വ്യാപാരികള്‍ സ്വാഗതം ചെയ്തു.