വഴി കാട്ടി വഴി തെറ്റിച്ചെന്ന പേരുദോഷത്തിനു ഇനി ബൈ ബൈ; തിരക്കൊഴിവാക്കാൻ സർവിസ് റോഡുകളും ഫ്ലൈഓവറും കാണിക്കും നമ്മുടെ വഴികാട്ടി; പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മാപ്പ്

 വഴി കാട്ടി വഴി തെറ്റിച്ചെന്ന പേരുദോഷത്തിനു ഇനി ബൈ ബൈ; തിരക്കൊഴിവാക്കാൻ സർവിസ് റോഡുകളും ഫ്ലൈഓവറും കാണിക്കും നമ്മുടെ വഴികാട്ടി; പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മാപ്പ്

വഴി കാണിച്ച് തന്ന് വഴി തെറ്റിക്കുന്ന ആപ്പെന്ന പേരുദോഷം നമ്മുടെ ഗൂഗിൾ മാപ്പിനെ പിടികൂടിയിട്ട് കാലങ്ങളായി. പലരും ഗൂഗിൾ മാപ്പ് നോക്കി പോയി കാട്ടിലും കുളത്തിലും വീണ വാർത്തകൾ പുറത്തുവരാറുണ്ട്. എന്നാൽ ഇപ്പോഴിതാ തന്റെ പേരുദോഷം മാറ്റാനുള്ള പുതിയ തയാറെടുപ്പോടെയാണ് ആപ്പിന്റെ വരവ്. ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിങ് സ്റ്റേഷനുകൾ എവിടെയെന്നു വ്യക്തമാക്കുന്നത് ഉൾപ്പെടെ ഒരുപിടി സവിശേഷതകളുമായിട്ടാണ് ഗൂഗിൾ മാപ്പ് എത്തിയിരിക്കുന്നത്. റോഡിലെ തിരക്കിന്റെ അടിസ്ഥാനത്തിൽ സർവിസ് റോഡുകളും ഫ്ലൈ ഓവറുകളും ഉപയോഗിക്കാനുള്ള നിർദേശം നൽകുന്ന ഫ്ലൈഓവർ കോൾഔട്ടാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.

ഉപയോക്താക്കൾ ഗൂഗിൾ മാപ്പിനോട് ഏറ്റവുമധികം ആവശ്യപ്പെട്ടിരുന്ന ഫീച്ചറുകളിലൊണു ഫ്ലൈഓവർ മാർഗനിർദേശം. ഈ സാഹചര്യത്തിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഗൂഗിൾ മാപ്‌സ് ഇന്ത്യ ജനറൽ മാനേജർ ലളിത രമണി മാധ്യമങ്ങളോട് പറഞ്ഞു.

ഫ്ലൈഓവർ മാർഗനിർദേശം ഉപയോക്താക്കൾക്ക് അവരുടെ റൂട്ടുകളിൽ വരാനിരിക്കുന്ന ഫ്‌ളൈ ഓവറുകൾ ചൂണ്ടിക്കാണിക്കും. ഇതിലൂടെ യാത്രികർക്ക് ഏത് റൂട്ടിൽ യാത്ര ചെയ്യണം എന്നത് മുൻകൂട്ടി തീരുമാനിക്കാൻ കഴിയും. ഇടവഴികളിലും ഫ്‌ളൈഓവറുകളിലും മറ്റും നാവിഗേറ്റ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന സമാന ഫീച്ചറുകൾ മാപ്പിൾസ് പോലെയുളള ഇതര ഡിജിറ്റൽ മാപ്പ് പ്ലാറ്റ്‌ഫോമുകളിൽ നിലവിലുണ്ട്.

ഫോർ വീലർ, ടു വീലർ ഉപഭോക്താക്കൾക്കായി ഇന്ത്യയിലെ 40 നഗരങ്ങളിലാണ് ഫ്ലൈഓവർ കോൾഔട്ട് ഫീച്ചർ അവതരിപ്പിക്കുന്നത്. ആദ്യം ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ലഭ്യമാകുന്ന ഈ സംവിധാനം പിന്നീട് ഐഎസ്‌, കാർപ്ലേ ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു.

രാജ്യത്ത് എണ്ണായിരത്തിലധികം ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിങ് ലൊക്കേഷനുകൾ മാപ്പിൽ ചേർക്കാൻ ശ്രമിക്കുന്നതായും ഗൂഗിൾ വ്യക്തമാക്കി. ഇവി ചാർജിങ് ദാതാക്കളുമായും ഇലക്ട്രിക് പേ, എഥർ, കസം, സ്റ്റാറ്റിക് തുടങ്ങിയ ഡേറ്റ അഗ്രഗേറ്റർമായും സഹകരിച്ചാണ് സംവിധാനം നടപ്പാക്കുന്നത്.

ചാർജിങ് സ്റ്റേഷനുകളുടെ ലഭ്യതയെക്കുറിച്ചും ഏതു തരത്തിൽ ഉള്ളവയാണെന്നുള്ളതിനെക്കുറിച്ചും വിശദമായ വിവരങ്ങൾ മാപ്പിലുണ്ടാകും. അതിനാൽ തന്നെ ചാർജിങ് സംവിധാനത്തിനനുസരിച്ച് ലൊക്കേഷനുകൾ കണ്ടെത്താൻ ഉപയോക്താക്കൾക്ക് ഇത് വളരെ സഹായകമാകും. ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾക്ക് മാത്രമായുള്ള ചാർജിങ് സംവിധാനങ്ങൾ കണ്ടെത്താനുള്ള സൗകര്യവും ഇതിലുണ്ടാകും. നിലവിൽ മറ്റൊരു രാജ്യത്തും ഇത്തരത്തിലൊരു സംവിധാനം ഗൂഗിൾ മാപ്‌സ് ലഭ്യമാക്കുന്നില്ല.

സർക്കാരിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) വാഹനങ്ങൾ ബുക്ക് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷനായ നമ്മ യാത്രിയുമായി ചേർന്ന് വികസിപ്പിച്ച മെട്രോ ടിക്കറ്റ് ബുക്കിങ് ഫീച്ചർ കൊച്ചിയിലും ചെന്നൈയിലും ഈയാഴ്ച തന്നെ ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു.

ഉപയോക്താക്കൾ തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള ദിശകൾ മെട്രോ ടാബിൽ തിരയുമ്പോൾ, മെട്രോ ലെഗ് എന്ന ഓപ്‌ഷനിൽ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടായിരിക്കും. അതിൽ ടാപ്പ് ചെയ്താൽ നമ്മ യാത്രിയിലെ ടിക്കറ്റ് ബുക്കിംഗ് സ്‌ക്രീനിലേക്കാകും എത്തുന്നത്. അതിനുശേഷം ഫോൺ നമ്പർ നൽകി ക്യുആർ കോഡ് സംവിധാനത്തിലൂടെ ടിക്കറ്റിനുള്ള പണം അടയ്ക്കാം.

വീതി കുറഞ്ഞ റോഡുകളിലൂടെയുള്ള ഫോർവീലർ യാത്രികരുടെ യാത്ര ഒഴിവാക്കുന്നതിനായി നാരോ റോഡ് അലർട്ടിങ് സംവിധാനവും ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട്. തുടക്കത്തിൽ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, ഇൻഡോർ, ഭോപ്പാൽ, ഭുവനേശ്വർ ,ഗുവാഹതി തുടങ്ങിയ എട്ടു നഗരങ്ങളിലെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കായിരിക്കും ഈ സംവിധാനം ലഭ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *