മാപ്പിൽ അടിമുടി മാറ്റവുമായി ഗൂഗിൾ; ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ…
കാലിഫോർണിയ: മാപ്പിൽ അടിമുടി മാറ്റവുമായി ഗൂഗിൾ. യൂസർ ഡാറ്റ വിവരങ്ങൾ ഇനിമുതൽ ഫോണിൽ തന്നെ സേവ് ചെയ്ത് വെക്കാനാകുമെന്നാണ് റിപ്പോർട്ട്. ഇതുവരെ ക്ലൗഡിൽ സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ഉപയോക്താക്കളുടെ ഫോണിലേക്ക് എത്തുന്നത്. ക്ലൗഡിൽ നിന്ന് മാറ്റി ഫോണിൽ തന്നെ യൂസർ ഡാറ്റ വിവരങ്ങൾ സേവ് ചെയ്തുവെക്കാൻ സംവിധാനമൊരുക്കും എന്ന് ഗൂഗിൾ മാപ്പ് ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോൾ ലോകവ്യാപകമായി ഗൂഗിൾ നടപ്പാക്കിയിരിക്കുന്നത്.
ലൊക്കേഷൻ അറിയാൻ ആളുകൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ആപ്പാണ് ഗൂഗിൾ മാപ്പ്. ഉപഭോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ സേവ് ചെയ്യുന്നതിൽ ഗൂഗിൾ മാപ്പ് നടപ്പിലാക്കിയിരിക്കുന്ന മാറ്റം വലിയ ഇംപാക്ടാണ് സൃഷ്ടിക്കുക. ഇതോടെ യൂസർമാർക്ക് തങ്ങളുടെ ഡാറ്റയിൻമേൽ കൂടുതൽ നിയന്ത്രണമുണ്ടാകും. എന്നാൽ ലൊക്കേഷൻ കണ്ടുപിടിക്കാനുള്ള അന്വേഷണ ഏജൻസികളുടെ നീക്കങ്ങൾക്ക് ഇത് തടസം സൃഷ്ടിച്ചേക്കും. നിലവിൽ കേസുകളിലെ അന്വേഷങ്ങൾക്കായി ഗൂഗിൾ മാപ്പിലെ വിവരങ്ങൾ വ്യാപകമായി അന്വേഷണ ഏജൻസികൾ ശേഖരിക്കാറുണ്ട്.
പുതിയ മാറ്റത്തോടെ ഗൂഗിൾ മാപ്പിലെ ലൊക്കേഷൻ ഹിസ്റ്ററി ഇനി മുതൽ ടൈംലൈൻ എന്നാണ് കാണുക. ദിവസം, ട്രിപ്സ്, ഇൻസൈറ്റ്സ്, സ്ഥലങ്ങൾ, സിറ്റികൾ, ലോക രാജ്യങ്ങൾ എന്നിങ്ങനെയുള്ള ഓപ്ഷനുകൾ ഇതിൽ കാണാനാകും. ഏതെങ്കിലുമൊരു യാത്രാ സംവിധാനത്തിൽ എത്ര ദൂരം സഞ്ചരിച്ചു എന്ന വിവരം ഗൂഗിൾ നൽകും.
ലോകമെമ്പാടുമുള്ള യൂസർമാരുടെ വിവരങ്ങളിൽ ഗൂഗിൾ മാപ്പ് പുതിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ സംവിധാനം ലഭ്യമാകുമ്പോൾ ഗൂഗിളിൻറെ നോട്ടിഫിക്കേഷൻ നിങ്ങളുടെ ഫോണുകളിൽ ലഭിക്കും. ഇതുവഴി പുതിയ സംവിധാനത്തിലേക്ക് ലൊക്കേഷൻ ഹിസ്റ്ററി മൈഗ്രേറ്റ് ചെയ്യാം. ഇതിന് കഴിഞ്ഞില്ലെങ്കിൽ ടൈംലൈൻ ഡാറ്റ ആപ്പിൽ നിന്ന് നീക്കംചെയ്യപ്പെടും എന്നും റിപ്പോർട്ടിൽ പറയുന്നു.