സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടു; ഗോകുൽ സുരേഷ്
മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ശ്രദ്ധേയനായ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സിനിമാ രംഗത്ത് സജീവമാണ്. നിരവധി ചിത്രങ്ങളിൽ നായകനായ ഗോകുൽ ഇപ്പോൾ തൻറെ കരിയറിനെ കുറിച്ചും പിതാവിന്റെ സ്വാധീനത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ്.
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി എന്നെ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗോകുൽ സുരേഷ്.
‘അദ്ദേഹത്തിൻറെ മകൻ ആയതുകൊണ്ട് സിനിമയിൽ നിന്നും പലതവണ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അത് എന്നെ നിർത്തിക്കൊണ്ട് പറഞ്ഞിട്ടില്ല. ചിലതൊക്കെ ഞാൻ അറിഞ്ഞിട്ടുണ്ട്. ഒരുപാട് അവസരങ്ങൾ മാറിപ്പോകുന്നതൊക്കെ കാണുമ്പോൾ നമുക്ക് തന്നെ ഊഹിക്കാമല്ലോ, നമുക്ക് എന്താ ഇങ്ങനെ എന്ന് നമ്മൾ ചിന്തിക്കുമല്ലോ. അതിന്റെ ചില രീതികളൊക്കെ എനിക്ക് മനസിലായിട്ടുണ്ട്.’ ഗോകുൽ തുറന്നുപറഞ്ഞു.
‘നമ്മളെ അങ്ങനെ വെറുതെ വിടുകയില്ലെന്ന് എനിക്ക് മനസിലായി. ഒരു ബന്ധമില്ലെങ്കിലും മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരുണ്ടെന്ന് മനസിലായതാണ്. അത് പക്ഷേ പ്രത്യക്ഷത്തിൽ ആരും കാണിച്ചിട്ടില്ല. ചിലപ്പോൾ ചവിട്ടിയിട്ടുള്ള ആളുകൾ തന്നെ പിന്നീടൊരു വേദിയിൽ കാണുമ്പോൾ കെട്ടിപ്പിടിക്കുകയും സ്നേഹപ്രകടനം നടത്തുകയും ചെയ്‌തത് എനിക്കറിയാം’ ഗോകുൽ സുരേഷ് വ്യക്തമാക്കി.
സുരേഷ് ഗോപി ചിത്രങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായവും ഗോകുൽ പങ്കുവയ്ക്കുകയുണ്ടായി. ‘അച്ഛന്റെ ചില സിനിമകൾ എനിക്കും അത്ര ഇഷ്‌ടമൊന്നുമല്ല. അച്ഛൻ അങ്ങനെ കോമഡി ചെയ്യേണ്ടെന്നൊക്കെ തോന്നിയിട്ടുണ്ട്. അച്ഛന്റെ ശരീര പ്രകൃതത്തിനും ഇമേജിനും അതൊന്നും ചേരില്ല. നമുക്ക് ഇഷ്‌ടപ്പെടുന്ന തരം സ്ഥിരം വേഷങ്ങൾ ചെയ്യുന്നതാണ് എനിക്കും താൽപര്യം’ ഗോകുൽ ചൂണ്ടിക്കാട്ടി.
സുരേഷ് ഗോപിയുടെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചും മകൻ മാസ് തുറന്നു. ‘തിരഞ്ഞെടുപ്പിൽ നിന്ന സമയത്ത് അദ്ദേഹം വലിയ രീതിയിൽ ടാർഗറ്റ് ചെയ്യപ്പെട്ടു. ജയിച്ച ശേഷം ഇത് ഇപ്പോൾ കുറച്ച് കുറഞ്ഞിട്ടുണ്ട്. പക്ഷേ ഒരു പദവി ഉണ്ടല്ലോ, അതിൽ എന്തെങ്കിലും ഒരു അര ശതമാനം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഇരട്ടി പ്രതിഷേധം തിരികെ വരും. അതെല്ലാം പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് ഞങ്ങൾ ഇരിക്കുന്നത്’ എന്നാണ് ഗോകുലിന്റെ പ്രതികരണം.
അതേസമയം, ഗോകുൽ സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗഗനചാരി. ഒരു സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ ഇത് സാജൻ ബേക്കറി എന്ന ചിത്രത്തിന് ശേഷം അരുൺ ചന്ദു സംവിധാനം ചെയ്‌ത ചിത്രമാണ് ഗഗനചാരി. ജൂൺ 21നാണ് ഈ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഗണേഷ് കുമാർ, അനാർക്കലി മരക്കാർ, അജു വർഗീസ്, ജോൺ കൈപ്പള്ളിൽ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്.