‘കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ പ്രേതം ശല്യപ്പെടുത്തുന്നു’; ജയിൽ മാറ്റം ആവശ്യപ്പെട്ട് ദർശന്റെ പുതിയ പരാതി
ബെംഗളൂരു: ജയിൽ മാറ്റം ആവശ്യപ്പെട്ട് രേണുകാസ്വാമി കൊലക്കേസ് പ്രതി കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ പുതിയ പരാതി നൽകി. കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ പ്രേതം ശല്യപ്പെടുത്തുന്നുവെന്നും ഉറങ്ങാന്‍ കഴിയില്ലെന്നും അതിൽ ജയിൽ മാറ്റം വേണമെന്നുമാണ് ആവശ്യം. ദര്ശന് പലപ്പോഴും രാത്രി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ബഹളം വച്ചതായി ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
പരപ്പന അഗ്രഹാര ജയിലിൽ വച്ച് ദർശൻ പുക വലിക്കുന്നതിന്റെയും ആരാധകനുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിന്റെയും ദൃശ്യം പുറത്ത് വന്നിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ ഏഴ് ജയിൽ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദർശനെ ജയിൽ മാറ്റിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ദര്‍ശന്റെ പുതിയ പരാതി.
അതേ സമയം ദര്ശന് ജാമ്യം അനുവദിക്കണം എന്ന ഹര്‍ജി കോടതി ഒക്ടോബര്‍ എട്ടിലേക്ക് മാറ്റി. ദർശന്റെ അഭിഭാഷകൻ സി.വി.നാഗേഷ് ബെംഗളൂരു 57-ാം സി.സി.എച്ച് കോടതിയിൽ ജാമ്യത്തിനായി വാദിച്ചെങ്കിലും പ്രൊസിക്യൂഷന് ഇതിന് മറുവാദത്തിന് സമയം ചോദിച്ചതോടെയാണ് കോടതി ജാമ്യ ഹര്‍ജി മാറ്റിയത്.
രേണുകസ്വാമി വധക്കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പിഴവുകളുണ്ടെന്നാണ് ദർശന്റെ അഭിഭാഷകൻ സി.വി.നാഗേഷ് വാദിച്ചത്. കേസില്‍ ദര്‍ശനെതിരെ പോലീസ് വ്യാജതെളിവുകൾ ചമയ്ക്കുകയാണെന്ന ഗുരുതര ആരോപണവും ദര്‍ശന്റെ അഭിഭാഷകന് ഉയര്‍ത്തി. വിശദമായ മറുപടിക്ക് സമയം വേണമെന്ന് പൊലീസിന് വേണ്ടി പ്രൊസിക്യൂഷന് അറിയിച്ചതോടെയാണ് കേസ് ഒക്ടോബര്‍ എട്ടിലേക്ക് മാറ്റിയത്.
രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനടക്കം 17 പേരാണ് ഇപ്പോള്‍ ജയിലിലുള്ളത്. ഇതില്‍ ദര്‍ശന്റെ സുഹൃത്തായ നടി പവിത്ര ഗൗഡയും പെടുന്നു. ദര്‍ശന്റെ ആരാധകനായ രേണുകസ്വാമി (33) പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് ദർശനെ പ്രകോപിപ്പിച്ചതെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ജൂൺ 9 ന് സുമനഹള്ളിയിലെ ഒരു അപ്പാർട്ട്മെന്റിന് അടുത്തുള്ള അഴുക്കുചാലിലാണ് രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.