ഗാസയിലെ റാഫയിൽ അഭയാർഥിക്കൂടാരങ്ങൾക്കുമേൽ വീണ്ടും ഇസ്രായേൽ ആക്രമണം; 37-ഓളം പേർ കൊല്ലപ്പെട്ടു

 ഗാസയിലെ റാഫയിൽ അഭയാർഥിക്കൂടാരങ്ങൾക്കുമേൽ വീണ്ടും ഇസ്രായേൽ ആക്രമണം; 37-ഓളം പേർ കൊല്ലപ്പെട്ടു

റാഫ: തെക്കൻ ഗാസയിലെ റാഫയിൽ അഭയാർഥിക്കൂടാരങ്ങൾക്കുമേൽ ബോംബിട്ട് 45 പേരെ കൊലപ്പെടുത്തിയതിനു പിന്നാലെ ആക്രമണം തുടർന്ന് ഇസ്രയേൽ. ഞായറാഴ്ച ആക്രമണമുണ്ടായ താൽ അൽ സുൽത്താനുൾപ്പെടെ റാഫയുടെ വിവിധഭാഗങ്ങളിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബോബാക്രമണവും ഷെല്ലാക്രമണവും നടത്തി. 37-ഓളം പേർ കൊല്ലപ്പെട്ടു.

ക്യാമ്പുകൾക്കുമേൽ ബോംബിട്ട് അഭയാർഥികളെ കൊലപ്പെടുത്തിയതിൽ അന്താരാഷ്ട്രതലത്തിൽ രോഷം പടരുന്നതിനിടെയാണ് ഇസ്രയേലിന്റെ നീക്കം. ഞായറാഴ്ച റാഫയിലെ അഭയാർഥി ക്യാമ്പുകൾ കത്തിയമർന്നതിന് കാരണം പലസ്തീൻ സൈന്യത്തിന്റെ തന്നെ ഉ​ഗ്രശേഷിയുള്ള ആയുധങ്ങളാവാം എന്നാണ് ഇസ്രയേൽ പറയുന്നത്.

ക്യാമ്പിനുള്ളിൽ ഉണ്ടായിരുന്ന ഇന്ധനങ്ങൾക്കോ ​പാചക വാതക സിലിണ്ടറുകൾക്കോ തീപിടിച്ചതാവാം ദുരന്തത്തിലേക്ക് നയിച്ചതെന്നും സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഇസ്രയേൽ വക്താവ് അറിയിച്ചു. മേയ് ആറിന് ആക്രമണം ആരംഭിച്ചതോടെ റാഫ ന​ഗരത്തിൽനിന്ന് ഒരു ദശലക്ഷത്തിൽ അധികംപേർ‌ പലായനം ചെയ്യപ്പെട്ടുവെന്ന് പലസ്തീൻ അഭയാർഥികളെ സഹായിക്കുന്ന യുഎൻ ഏജൻസി വ്യക്തമാക്കി.

ചൊവ്വാഴ്ച റാഫയുടെ മധ്യഭാഗത്തേക്ക് ഇസ്രയേൽ യുദ്ധടാങ്കുകൾ പ്രവേശിച്ചിരുന്നു. ഒരുമാസത്തോളമായി റാഫയിൽ കരയുദ്ധം നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്ര ഉള്ളിലേക്ക് സൈന്യം പ്രവേശിച്ചത്. മധ്യ റാഫയിലെ അൽ അവ്ദ പള്ളിക്കുസമീപത്തും പടിഞ്ഞാറൻ റാഫയിലെ സുറുബ് കുന്നിലും ഇസ്രയേൽ ടാങ്കുകൾ വിന്യസിച്ചു. കിഴക്കൻ റാഫ, ന​ഗരത്തിന്റെ മധ്യഭാ​ഗങ്ങൾ, ​ഗാസ-ഈജിപ്റ്റ് അതിർത്തി എന്നിവിടങ്ങളിൽ ടാങ്കുകൾ സർവ്വസജ്ജമാണ്. സുറുബിൽ ഹമാസുകാരും ഇസ്രയേൽസൈന്യവും തമ്മിൽ ശക്തമായ വെടിവെപ്പും ഏറ്റുമുട്ടലും നടക്കുകയാണ്. ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 36,096 ആയി.

ഞായറാഴ്ചത്തെ ആക്രമണത്തിൽ കൂടാരങ്ങൾക്കു തീപിടിച്ച് നൂറിലേറെപ്പേർക്ക് പൊള്ളലേറ്റിരുന്നു. സാധാരണക്കാർക്കുമേൽ തീതുപ്പിയ സംഭവം യു.എൻ. രക്ഷാസമിതി അടിയന്തരമായി ചർച്ചചെയ്യണമെന്ന് ലോകനേതാക്കൾ ആവശ്യപ്പെട്ടു. ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്നും ഭീകരത അവസാനിപ്പിക്കണമെന്നും യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവത്തെ ദാരുണമായ അപകടമെന്ന് വിശേഷിപ്പിച്ചെങ്കിലും ഹമാസിനെ ഉന്മൂലനംചെയ്യുകയെന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുമെന്ന് ആവർത്തിച്ചു.

അതേസമയം, ഇസ്രയേലിന്റെ ഭീഷണി അവഗണിച്ച് സ്പെയിൻ, നോർവേ, അയർലൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി ചൊവ്വാഴ്ച അംഗീകരിച്ചിരുന്നു. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ സമ്മർദംചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു യൂറോപ്യൻരാജ്യങ്ങളുടെയും സംയുക്തനീക്കം. എന്നാൽ, ഗാസയിലെ യുദ്ധത്തെ ഉടൻ സ്വാധീനിക്കാൻ ഈ നടപടികൊണ്ടാകില്ലെന്ന് ഇസ്രയേൽ പറഞ്ഞു. പലസ്തീനെ അംഗീകരിക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് ഈ രാജ്യങ്ങൾ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ മൂന്നുരാജ്യങ്ങളിലെയും സ്ഥാനപതിമാരെ ഇസ്രയേൽ തിരിച്ചുവിളിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *