ആക്രി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന:ഉത്തർപ്രദേശ് സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ
തൃശൂർ: ആക്രി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ ഉത്തർപ്രദേശ് സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ. ജഗത്പൂർ സ്വദേശികളായ ഇസ്രാർ കമാൽ കല്ലു (25), ജാവേദ് കമാൽകല്ലു (19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഉത്തർപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം ചാലക്കുടിയിൽ വിൽപ്പനയ്ക്ക് എത്തിക്കുകയായിരുന്നു.
പിടിയിലായ രണ്ടുപേരും ആക്രി പെറുക്കി ഉപജീവനം നടത്തുന്നവരാണ്. ആക്രി കച്ചവടത്തിന്റെ മറവിലാണ് ഇവർ കഞ്ചാവ് വില്പന നടത്തിയിരുന്നത്. ചാലക്കുടി ഡിവൈഎസ്പി ആർ അശോകൻ്റെ നിർദേശപ്രകാരം ചാലക്കുടി പൊലീസും ജില്ലാ ലഹരി വിരുദ്ധ സേനയും ചാലക്കുടി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു.
സ്കൂളുകൾ കോളജുകൾ ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് സംഘം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിന്നായി തൃശ്ശൂർ റെയിഞ്ച് ഡിഐജി അജിതാ ബീഗം ഐപിഎസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ലഹരി വേട്ടക്കിടെയാണ് ട്രെയിൻ മാർഗ്ഗം കേരളത്തിൽ എത്തിച്ച് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുവാൻ എത്തിയ അന്യസംസ്ഥാന സംഘത്തെ പിടികൂടാനായത്. ഈ സംഘത്തിലെ കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായും പൊലീസ് അറിയിച്ചു.
എസ് ഐമാരായ വി ജി സ്റ്റീഫൻ, സതീശന്‍ മടപ്പാട്ടിൽ, റോയ് പൗലോസ്, മൂസ പി എം , എഎസ്ഐ സിൽജോ വി യു , സീനിയര്‍ സിപിഒമാരായ റെജി എ യു , ബിനു എം ജെ, ഷിജോ തോമസ്, ചാലക്കുടി പൊലീസ് സ്റ്റേഷൻ അഡീഷണൽ എസ്ഐമാരായ ജോഫിജോസ്, റെജിമോൻ, സീനിയർ സിപിഒ ബെെജു കെ. കെ , സിപിഒമാരായ അരുൺകുമാർ കെ. കെ, എസ്. റിഷാദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പിടിയിലായ പ്രതികളെ നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.